വൊളോഡിമിർ സെലൻസ്കി, ഡൊണാൾഡ് ട്രംപ് 
NEWSROOM

'സെലന്‍സ്കി സ്വേച്ഛാധിപതി, മാറിയില്ലെങ്കില്‍ രാജ്യം തന്നെ നഷ്ടമാകും'; ഭീഷണിയുമായി ട്രംപ്

2022ലെ റഷ്യൻ അധിനിവേശത്തിന്റെ ഉത്തരവാദിത്തം യുക്രെയ്നിനാണെന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയെ 'സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സെലൻസ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പു നൽകി. 2022ലെ റഷ്യൻ അധിനിവേശത്തിന്റെ ഉത്തരവാദിത്തം യുക്രെയ്നിനാണെന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പുതിയ പ്രസ്താവന. സെലൻസ്കി- ട്രംപ് ഭിന്നത രൂക്ഷമാവുന്നതിന്‍റെ സൂചനയാണ് ഈ പ്രസ്താവന നൽകുന്നത്.

സെലൻസ്കി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരുന്ന ഏകാധിപതിയാണെന്നായിരുന്നു ട്രംപിന്റെ വിമർശനം. 'തെരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതിയായ സെലൻസ്കി ഉടനെ മാറിയില്ലെങ്കിൽ, അദ്ദേഹത്തിന് രാജ്യം തന്നെ ഇല്ലാതാകും', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെറിയ തോതിൽ പ്രശസ്തനായ സെലൻസ്കിയെ പോലുള്ള ഒരു കൊമേഡിയൻ വിജയിക്കാത്ത, ആരംഭിക്കാൻ പോലും പാടില്ലാതിരുന്ന, യുഎസും 'ട്രംപും' ഇല്ലെങ്കിൽ തീർപ്പാക്കാൻ പറ്റാത്ത ഒരു യുദ്ധത്തിനായി യുഎസിനെ കൊണ്ട് 350 ബില്ല്യൺ ഡോളർ ചെലവഴിപ്പിക്കാൻ സാധിച്ചുവെന്നത് ഒന്ന് ചിന്തിച്ച് നോക്കൂവെന്നും ട്രംപ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളേക്കാൾ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് പണം ചെലവഴിച്ചതായും ട്രംപ് പോസ്റ്റിൽ പറയുന്നു.

മുന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലൻ‌സ്കി മിടുക്ക് കാണിച്ചതെന്നും ട്രംപ് ആരോപിച്ചു. സഹായധനത്തിൽ പകുതിയും നഷ്ടമായതായി സെലൻസ്കി സമ്മതിച്ചതായും പോസ്റ്റിൽ ട്രംപ് പറയുന്നു. മുൻപ് നടന്ന ഒരു വാർത്താ സമ്മേളനത്തിലും സെലൻസ്കിയെ വിമർശിച്ച ട്രംപ് യുദ്ധത്തെപ്പറ്റിയുള്ള റഷ്യൻ വ്യാഖ്യാനങ്ങൾ ആവർത്തിച്ചിരുന്നു. റഷ്യ നൽകുന്ന തെറ്റായ വിവരങ്ങളിലൂടെയാണ് ട്രംപ് കാര്യങ്ങൾ മനസിലാക്കുന്നതെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

സൗദി അറേബ്യയിൽ നടന്ന യുഎസ്-റഷ്യ ചർച്ചകളിൽ നിന്ന് യുക്രെയ്നെ ഒഴിവാക്കിയതിൽ ട്രംപിനെ വിമർശിച്ച് സെലൻസ്കി രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ ക്ഷണം ലഭിക്കാത്തതിൽ അത്ഭുതമുണ്ടായിയെന്ന് സെലൻസ്കി പറഞ്ഞു. ഇതിന് പിന്നാലെയാണ് സെലൻസ്കിക്കെതിരെ രൂക്ഷവിമർശനവുമായി ട്രംപ് രംഗത്തെത്തിയത്.

അതേസമയം, ട്രംപിന്റെ പോസ്റ്റിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക്, തങ്ങൾ പ്രതിരോധിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു. ട്രംപിൻ്റെ പ്രസ്താവനയ്‌ക്കെതിരെ മറ്റ് യുറോപ്യൻ നേതാക്കളും രംഗത്തെത്തി. സെലൻസ്കിയെ ഏകാധിപതിയെന്ന് വിളിക്കുന്നത് തെറ്റാണെന്നായിരുന്നു ജർമൻ ചാൻസലർ ഓൾഫ് ഷോൾസിൻ്റെ പ്രതികരണം.


2019 ലാണ് സെലൻസ്കി യുക്രെയ്നിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സെലൻസ്‌കിയുടെ കാലാവധി ഔദ്യോഗികമായി അവസാനിച്ചു. എന്നാൽ റഷ്യൻ അധിനിവേശം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിക്കപ്പെടുകയും സെലൻസ്‌കി അധികാരത്തിൽ തുടരുകയുമായിരുന്നു. യുക്രെയ്നിലെ പട്ടാളനിയമ പ്രകാരം തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കില്ല.

SCROLL FOR NEXT