ഗാസ വെടിനിര്‍ത്തലില്‍ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച ഉച്ചയോടെ ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ സമാധാന ശ്രമങ്ങള്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ ജോര്‍ദാനും തുര്‍ക്കിയും തയ്യാറായില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള സഹായം അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് ഹമാസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്. ഇതോടെ സമാധാന ചര്‍ച്ചകളും തടസ്സപ്പെട്ടു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ച അവസാനിക്കും മുമ്പ് ഇസ്രയേല്‍ മടങ്ങി. ഇസ്രയേല്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Also Read: നാല്‍പ്പത്തിയാറാം വയസ്സില്‍ കൊല്ലപ്പെട്ട യു.എസ് പ്രസിഡന്റ്; 61 വര്‍ഷം പിന്നിടുന്ന ദുരൂഹത
ഗാസ മുനമ്പിലേക്ക് തിരികെ എത്തിയവരെ ഇസ്രയേല്‍ തടഞ്ഞുവെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടര്‍ന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ബന്ദി മോചനം ഉണ്ടാകില്ലെന്നും ഹമാസ് വ്യക്തമാക്കി. രാജ്യാന്തര ഏജന്‍സികളുടെ സഹായവും ഇസ്രയേല്‍ തടയുന്നുവെന്നും ഹമാസ് പറയുന്നു.
അതേസമയം, തന്റെ ഗാസ ഏറ്റെടുക്കല്‍ പദ്ധതി നടപ്പിലായാല്‍ പലസ്തീനികള്‍ക്ക് ഗാസയില്‍ യാതൊരു അവകാശവുമുണ്ടായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ട്രംപ് തന്റെ 'ഗാസ പ്ലാന്‍' വ്യക്തമാക്കിയത്. ഗാസയ്ക്ക് പുറത്ത് പലസ്തീനികള്‍ക്കായി ആറ് സ്ഥലങ്ങള്‍ ഉണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം തള്ളിക്കളഞ്ഞ പദ്ധതിയാണ് ട്രംപ് വീണ്ടും ആവര്‍ത്തിച്ചത്.
ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്നും പലസ്തീനികള്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് മാറണമെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെ ഇരുനേതാക്കളുമൊന്നിച്ച് വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍.