സൗദി അറേബ്യ വിചാരിച്ചാൽ റഷ്യൻ - യുക്രെയ്ൻ സംഘർഷത്തിനു അന്ത്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സൗദിയും മറ്റു ഒപെക് രാജ്യങ്ങളും എണ്ണ വില കുറയ്ക്കുകയാണെങ്കിൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി എത്രയും പെട്ടെന്ന് കൂടികാഴ്ച നടത്തുമെന്നും ട്രംപ്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശം. സൗദി അറേബ്യ അടക്കമുള്ള ഒപെക് രാജ്യങ്ങൾ എണ്ണ വില കുറയ്ക്കുകയാണെങ്കിൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു.
എണ്ണ വില കുറയ്ക്കാൻ താൻ ആവശ്യപ്പെടാൻ പോവുകയാണ്. തെരഞ്ഞെടുപ്പിനു മുൻപ് അവരത് നടപ്പിലാക്കാതിരുന്നതിൽ അതിശയം തോന്നുന്നുണ്ട്. നിലവിലുള്ള എണ്ണവില യുദ്ധം തുടരുന്നതിനു പിന്തുണ നൽകുന്ന രീതിയിൽ ഉയർന്നു നിൽക്കുന്നതാണ്. നിങ്ങൾ എണ്ണ വില കുറച്ച് സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാകണം. എണ്ണ വില കുറഞ്ഞാൽ അതിനനുസരിച്ച് പലിശ നിരക്ക് കുറയുമെന്നും ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി എത്രയും പെട്ടെന്ന് കൂടികാഴ്ച നടത്തുമെന്നും ട്രംപ് സൂചിപ്പിച്ചു.
യുക്രെയ്നും റഷ്യയും തമ്മിലുള്ള സമാധാന ഉടമ്പടി ഉറപ്പാക്കാൻ തൻ്റെ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ദശലക്ഷകണക്കിനു സൈനികർ സംഘർഷത്തിൽ കൊല്ലപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആരും ഇതുപോലെ ഒന്നും കണ്ടിട്ടില്ലെന്നും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു.
ഭരണത്തിലെത്തിയാൽ ഒരു ദിവസത്തിനുളളിൽ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിൻ്റെ അവകാശ വാദം. ഈ നീക്കം നയതന്ത്രത്തിലൂടെ നടപ്പാക്കുമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ നയതന്ത്രത്തിൻ്റെ ഭാഷ മാറ്റി റഷ്യക്കെതിരെ ഭീഷണിയുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കുമെന്നും കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിൻ്റെ ഭീഷണി. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.