NEWSROOM

യുഎസുമായുള്ള ധാതുകരാറിൽ യുക്രെയ്ൻ ഒപ്പുവെയ്ക്കും; സ്ഥിരീകരിച്ച് സെലൻസ്കിയുടെ ഓഫീസ്

അടുത്ത ആഴ്ച വാഷിംങ്ടണ്‍ സന്ദർശിക്കുന്ന വൊളോഡിമർ സെലന്‍സ്കി കരാറില്‍ ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

യുക്രെയ്ന്‍റെ ധാതുസമ്പത്തിന്‍റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക് നല്‍കുന്ന യുഎസ്-യുക്രെയ്ന്‍ ധാതുകരാറിൽ ഒപ്പുവെയ്ക്കുമെന്ന് യുക്രെയ്ന്‍. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമർ സെലന്‍സ്കി തള്ളിയ മുന്‍ കരാറിനുപകരം, ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. സെലൻസ്കിയുടെ ഓഫീസ് ഇതുസംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചു. 

അടുത്ത ആഴ്ച വൊളോഡിമർ സെലന്‍സ്കി വാഷിംങ്ടണ്‍ സന്ദർശിക്കുമെന്നും, യുക്രെയ്‌ന്‍ ആവശ്യപ്പെടുന്ന സുരക്ഷാ ഗ്യാരണ്ടികള്‍ അടങ്ങുന്ന കരാറില്‍ ഇരുഭാഗവും ഒപ്പുവെയ്ക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യമാണ് സെലൻസ്കിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്. 

യുക്രെയ്ന്‍-റഷ്യ സമാധാനകരാറിലേക്ക് ആഴ്ചകളുടെ ദൂരം മാത്രമേയുള്ളൂ എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇമ്മാനുവല്‍ മാക്രോണും ഇതാവർത്തിച്ചു. അമേരിക്കയുടെ പിന്തുണ ഉറപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമെന്നാണ് ധാതു കരാറിനെ മാക്രോൺ വിശേഷിപ്പിച്ചത്.

ആണവ, പ്രതിരോധ വ്യോമയാന മേഖലകളില്‍ നിർണായകമായ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ൻ. ഈ ധാതുസമ്പത്തിന്‍റെ 50 ശതമാനം അമേരിക്കയ്ക്ക് നല്‍കുന്നതിന് 500 ബില്യൺ ഡോളറിന്‍റെ കരാറാണ് ട്രംപ് ആദ്യം മുന്നോട്ടുവെച്ചത്. യുക്രെയ്‌ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരമായിരുന്നു കരാർ. എന്നാല്‍ യുദ്ധാനന്തരം സൈനിക സഹായം ഉറപ്പു നൽകണമെന്ന യുക്രെയ്ന്‍റെ ആവശ്യം പരാമർശിക്കാത്ത കരാർ അംഗീകരിക്കില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കി. തുടർന്ന് യുക്രെയ്നെ മാറ്റിനിർത്തി റഷ്യ-യുഎസ് ഉഭയകക്ഷി ചർച്ചകള്‍ സമാന്തരമായി ആരംഭിക്കുക കൂടിചെയ്തതോടെ ഇരുനേതാക്കളും തമ്മിലെ അസ്വാരസ്യം പരസ്യമായ വാക്പോരില്‍ വരെയെത്തിയിരുന്നു.


അതേസമയം റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങൾക്കും പങ്കെടുക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഈ രാജ്യങ്ങൾക്കും പങ്ക് വഹിക്കാനാകുമെന്നും താൻ അതിലൊരു തെറ്റും കാണുന്നില്ലെന്നും പുടിൻ വ്യക്തമാക്കി. നിലവിൽ അമേരിക്ക യുക്രെയ്നിൽ നിന്ന് അകലുന്ന സാഹചര്യവും എന്നാൽ യുക്രെയ്നെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിൻ്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് റഷ്യ- യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നത്. ആക്രമണങ്ങളും പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി യുദ്ധം ഇപ്പോഴും തുടരുന്നു. മൂന്നാം വാർഷികത്തലേന്ന് ഇത്രനാളും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് യുക്രെയ്ന് നേരെ റഷ്യ നടത്തിയത്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ യുക്രയിനെ അതിവേഗം കീഴ്പെടുത്താമെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ കരുതിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി ഇത് മാറി.



SCROLL FOR NEXT