യുഎസിന്റെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 10.30) ആണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇത് രണ്ടാം വട്ടമാണ് ട്രംപ് യുഎസിന്റെ പ്രസിഡന്റാകുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ട്രംപിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
പരമ്പരാഗത സ്ഥാനാരോഹണ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, ട്രംപിന്റെ അടുത്ത സഖ്യകക്ഷികളും അദ്ദേഹത്തിന്റെ ചില എതിരാളികളും ഉൾപ്പെടെ നിരവധി വിദേശ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കുറഞ്ഞത് ഏഴ് രാഷ്ട്രത്തലവന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. അർജന്റീന പ്രസിഡന്റ് ജാവിയർ മിലി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരാണ് ക്ഷണിക്കപ്പെട്ടവരിൽ പ്രമുഖർ. എന്നാൽ, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ പ്രസിഡൻ്റ് ഒലാഫ് ഷോൾസ് എന്നിവർക്ക് ക്ഷണമില്ലായിരുന്നു. മൊത്തം 500,000 അതിഥികളെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പരിപാടിയിൽ പങ്കെടുക്കും.
ഫ്ളോറിഡ പാം ബിച്ചിലെ റിപബ്ലിക്കന്‍ ബേസിലേക്ക് അധികാരമൊഴിയുന്ന പ്രസിഡന്‍റ് ജോ ബെെഡന്‍ അയച്ച എയർഫോഴ്സ് മിഷൻ 47 വിമാനത്തിലാണ് ട്രംപ്, വാഷിംഗ്‌ടണിലേക്ക് തിരിച്ചത്. ഭാര്യ മെലാനിയയും മകൾ ഇവാങ്കയും ഭർത്താവ് ജാരെഡ് കഷ്‌നറും ട്രംപിനെ അനുഗമിച്ചു. ശനിയാഴ്ച രാത്രിയോടെ വിർജീനിയയില്‍ ലാന്‍ഡുചെയ്ത ട്രംപ്, ആദ്യമെത്തിയത് വാഷിംഗ്ടണിന് പുറത്ത് 30 മൈൽ അകലെ വിർജീനിയയിലെ സ്റ്റെർലിങ്ങിലുള്ള ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിലാണ്.
500 ഓളം അതിഥികളുടെ സാന്നിധ്യത്തില്‍ വർണ്ണാഭമായ വെടിക്കെട്ടോടെയാണ് ട്രംപിന്‍റെ രണ്ടാംവരവിലേക്കുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രമുഖ അമേരിക്കന്‍ ഗായകനും നടനുമായ എല്‍വിസ് പ്രസ്‌ലിയെ അനുകരിച്ചുള്ള ലിയോ ഡെയ്സിന്‍റെ പ്രകടമായിരുന്നു പരിപാടിയിലെ മറ്റൊരു പ്രധാന ഇനം. വാഷിംഗ്ടൺ ഡൗണ്‍ ടൗണിലെ ക്യാപിറ്റൽ വൺ അരീനയിൽ റിപ്പബ്ലിക്കന്‍ അനുയായികളുമായി റാലിയും ട്രംപിന്‍റെ ഞായറാഴ്ചത്തെ അജണ്ടയിലുണ്ട്. ആർലിംഗ്ടൺ നാഷണൽ സെെനിക സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിച്ചശേഷമായിരിക്കും റാലി. പരിപാടികളുടെ അവസാനം, സ്വകാര്യ അത്താഴവിരുന്നുമുണ്ടായിരിക്കും.
സെൻ്റ് ജോൺസ് എപ്പിസ്‌കോപ്പൽ പള്ളിയിലെ പരമ്പരാഗത പ്രാർത്ഥനയോടെയാണ് നാളത്തെ ചടങ്ങുകള്‍ ട്രംപ് ആരംഭിക്കുക. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റിനും പ്രഥമ വനിതയ്‌ക്കുമൊപ്പം, പരമ്പരാഗത വിരുന്നുമുണ്ട്.
അതേസമയം, അതിശെെത്യ മുന്നറിയിപ്പിനെ തുടർന്ന് തുറന്ന വേദികളില്‍ നടക്കാറുള്ള സ്ഥാനാരാഹോണ ചടങ്ങ് ഇത്തവണ അടച്ചിട്ട വേദികളിലേക്ക് മാറ്റി. സത്യപ്രതിജ്ഞാചടങ്ങ് യു.എസ്. ക്യാപിറ്റൽ ബിൽഡിങ്ങിൻ്റെ വെസ്റ്റ് ഫ്രണ്ടിലെ തുറന്ന വേദിയില്‍ നിന്ന് ക്യാപിറ്റോൾ റൊട്ടുണ്ടയിലേക്കും പെൻസിൽവാനിയ അവന്യൂവിലൂടെയുള്ള പ്രസിഡന്‍ഷ്യല്‍ പരേഡ്, ക്യാപിറ്റൽ വൺ അരീനയിലേക്കുമാണ് മാറ്റിയത്. 1985 ജനുവരിയിൽ റൊണാൾഡ് റീഗൻ്റെ രണ്ടാം സ്ഥാനാരോഹണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പ്രസിഡന്‍റിന്‍റെ ഉദ്ഘാടന പരിപാടികള്‍ അകത്തളങ്ങളില്‍ നടക്കുന്നത്.
നവംബർ 5 ന് നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കയില്‍ രണ്ടാംതവണ അധികാരം പിടിച്ചത്.