NEWSROOM

പുടിനു പിന്നാലെ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തി ട്രംപ്; ചര്‍ച്ച പോസിറ്റീവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്

Author : ന്യൂസ് ഡെസ്ക്

പുടിനുമായുള്ള ചര്‍ച്ചകള്‍ക്കുപിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയുമായി വെടിനിര്‍ത്തലില്‍ ചര്‍ച്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ യുഎസ് മുന്നോട്ടുവെച്ച ഭാഗിക വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി സെലന്‍സ്‌കി അറിയിച്ചു. വരും ദിനങ്ങളില്‍ സൗദിയില്‍ നടക്കാനിരിക്കുന്ന തുടര്‍ചര്‍ച്ചകളില്‍ ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധപിന്തുണ നല്‍കണമെന്ന സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന പരിഗണനയിലെടുക്കുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം, 30 ദിവസത്തേക്ക് ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ല എന്ന ഉറപ്പ് റഷ്യ ആദ്യദിനം തന്നെ ലംഘിച്ചതായി സെലന്‍സ്‌കി ആരോപിച്ചു.

ചര്‍ച്ച പോസിറ്റീവായിരുന്നുവെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്. അമേരിക്കന്‍ നേതൃത്വത്തിന് കീഴില്‍ ട്രംപിനൊപ്പം ചേര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് സെലന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു. ഊര്‍ജ കേന്ദ്രങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ അവസാനിപ്പിക്കുകയാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടികളില്‍ ഒന്ന് എന്നും സെലന്‍സ്‌കി പ്രതികരിച്ചു.

സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ യുഎസ്-ഉക്രെയ്ന്‍ ധാതു കരാര്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്തു. കരാറുകള്‍ക്കപ്പുറത്ത് സമാധാന ചര്‍ച്ചകള്‍ക്കാണ് യുഎസ് പ്രാധാന്യം നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പ്രതികരിച്ചു. 

SCROLL FOR NEXT