ബലാത്സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനവുമായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ജോ ബൈഡൻ 37 ഫെഡറൽ വധശിക്ഷകൾ ഇളവു ചെയ്തതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രുത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം.
"ജോ ബൈഡൻ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ കൊലയാളികളിൽ 37 പേരുടെ വധശിക്ഷകൾ ഇളവ് ചെയ്തു. ഓരോരുത്തരുടെയും പ്രവൃത്തികൾ കേൾക്കുമ്പോൾ, അയാൾ ഇത് ചെയ്തുവെന്ന് നിങ്ങൾ വിശ്വസിക്കില്ല. അതിൽ അർത്ഥമില്ല. ഇത് ഇരകളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ മനോവിഷമമുണ്ടാക്കുന്നതാണ്. ഇത്തരത്തിൽ സംഭവിക്കുന്നത് അവർക്ക് വിശ്വസിക്കാൻ കഴിയില്ല. ബലാത്സംഗ, കൊലപാതക കുറ്റവാളികളിൽ നിന്ന് അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും സംരക്ഷിക്കാൻ വധശിക്ഷ തന്നെ ഉറപ്പുവരുത്തും, " ട്രംപ് ട്രുത്ത് സോഷ്യലിലൂടെ അറിയിച്ചു.
37 ഫെഡറൽ വധശിക്ഷകൾ ഇളവു ചെയ്ത സുപ്രധാന തീരുമാനം കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷയാണ് ബൈഡൻ ഇളവു ചെയ്തത്. താൻ വധശിക്ഷയ്ക്കെതിരാണെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. വധശിക്ഷ വിധിച്ച് കഴിഞ്ഞിരുന്ന തടവുകാരുടെ ശിക്ഷ പരോളില്ലാതെ ജീവപര്യന്തമാക്കി മാറ്റുകയും ചെയ്തു. ജോ ബൈഡൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വധശിക്ഷകള്‍ നിര്‍ത്തലാക്കും എന്നത്.
ALSO READ: "തെറ്റുകൾ തിരുത്തി മെച്ചപ്പെട്ട ലോകത്തെ സൃഷ്ടിക്കൂ"; ക്രിസ്മസ് ദിനത്തിൽ സന്ദേശവുമായി മാർപ്പാപ്പ
മൂന്ന് പേര്‍ കൊല്ലപ്പെടുകയും 250-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2013 ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണത്തിന് ഉത്തരവാദിയായ ദ്‌സോഖര്‍ സാര്‍നേവ്, 2018-ല്‍ പിറ്റ്സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ 11 ജൂതമതവിശ്വാസികളെ വെടിവച്ചു കൊന്ന റോബര്‍ട്ട് ബോവേഴ്സ്, 2015-ല്‍ സൗത്ത് കരൊലൈനയിലെ ചാള്‍സ്റ്റണിലുള്ള ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ഒമ്പത് പേരുടെ ജീവന്‍ അപഹരിച്ച ഡിലന്‍ റൂഫ് എന്നിവരുടെ വധശിക്ഷയാണ് നിലനിർത്തിയത്.