NEWSROOM

"ഡൊണാൾഡിൻ്റെ പുതിയ ഉടമ"; മസ്കിൻ്റെ ലാഭക്കൊതിയെ വിമർശിച്ച് ട്രംപിൻ്റെ മരുമകൾ

ഡൊണാൾഡിൻ്റെ പുതിയ ഉടമയെന്ന് കുറിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി വിരുദ്ധ കൂടിയായ മേരി ട്രംപ് സമൂഹമാധ്യമങ്ങളിൽ ട്രംപും മസ്കും ചേർന്നുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മരുമകൾ മേരി ട്രംപ്. ട്രംപ് ഇപ്പോൾ ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലാണെന്നാണ് മേരി ട്രംപ് വിമർശിച്ചത്. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മസ്ക് പണം നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് 73കാരിയായ മേരി ട്രംപിൻ്റെ പ്രസ്താവന.

ട്രംപും മസ്കും ചേർന്നുള്ള ഇലക്ഷൻ പ്രചരണ ചിത്രം പങ്കുവെച്ച ശേഷം 'ഡൊണാൾഡിൻ്റെ പുതിയ ഉടമ' എന്നാണ് മസ്കിനെ മേരി ട്രംപ് വിമർശിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന വിമർശകയാണ് ട്രംപിൻ്റെ മരുമകൾ. തൻ്റെ അമ്മാവൻ സാമ്പത്തിക പ്രേരണകളിൽ എളുപ്പത്തിൽ സ്വാധീനിക്കപ്പെടും. അദ്ദേഹം എല്ലായ്‌പ്പോഴും വിൽപ്പനയ്‌ക്കായിരുന്നു. അദ്ദേഹത്തിൻ്റെ നേട്ടത്തിൽ ലാഭം കണ്ടെത്താനാകുമെന്ന് കരുതി ആളുകൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും മേരി പറഞ്ഞതായി ന്യൂസ്‌ വീക്ക് റിപ്പോർട്ട് ചെയ്തു.

ഇലോൺ മസ്ക് ഇതുവരെ ട്രംപിനെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് 140 മില്യൺ ഡോളറോളം സംഭാവന ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനോട് അടുക്കുന്ന ദിവസങ്ങളിൽ ഇത് 500 മില്യൺ ഡോളറായി വരെ ഉയർന്നേക്കാമെന്നും ട്രംപിൻ്റെ മരുമകൾ പറഞ്ഞു.

ഇലോൺ മസ്കിനെതിരെയും മേരി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. മസ്കിനെ ലോകത്തിലെ ഏറ്റവും ധനികനായ ഫാസിസ്റ്റ് എന്നാണ് മേരി വിശേഷിപ്പിച്ചത്. ഭാവിയിൽ സർക്കാർ നയങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാമെന്ന് പ്രത്യാശിച്ച് കൊണ്ടാണ് മസ്ക് ട്രംപിന് സംഭാവന നൽകുന്നതെന്നും മേരി ആരോപിച്ചു.

SCROLL FOR NEXT