NEWSROOM

'തൂക്കിലേറ്റരുത്, ഞങ്ങളെ വെടിവെച്ച് വീഴ്ത്തൂ'; ധീരരക്തസാക്ഷി ഭഗത് സിങിന്‍റെ ജന്മവാർഷികം

എന്‍റെ രാജ്യത്തേക്കാള്‍ സ്വതന്ത്രമായ മറ്റൊരു മണ്ണിനെയും ഈ ചക്രവാളം കാണാതിരിക്കട്ടെ എന്ന് ബ്രിട്ടനു മുന്നില്‍ പ്രഖ്യാപിച്ചയാളാണ് ഭഗത് സിങ്

Author : ന്യൂസ് ഡെസ്ക്

വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യം തൂക്കിലേറ്റിയ ധീര സമരയോദ്ധാവ് ഭഗത് സിങിന്‍റെ 117ാമത് ജന്മവാർഷികമാണ് ഇന്ന്. എന്‍റെ രാജ്യത്തേക്കാള്‍ സ്വതന്ത്രമായ മറ്റൊരു മണ്ണിനെയും ഈ ചക്രവാളം കാണാതിരിക്കട്ടെ എന്ന് ബ്രിട്ടനു മുന്നില്‍ പ്രഖ്യാപിച്ചയാളാണ് ഭഗത് സിങ്.

1907, സെപ്റ്റംബർ 28ന് ഇന്ന് പാകിസ്ഥാന്‍റെ ഭാഗമായ പഞ്ചാബിലെ ഒരു കർഷകഗ്രാമത്തിലായിരുന്നു ഭഗത് സിങിന്‍റെ ജനനം. 12ാം വയസില്‍ ജാലിയന്‍വാലാബാഗിന് സാക്ഷിയായ ഭഗത് സിംങ് വളരെ ചെറുപ്പത്തില്‍ തന്നെ സ്വാതന്ത്രത്തിന് വേണ്ടി ദാഹിച്ചുതുടങ്ങിയിരുന്നു. രാജ്യത്തിനുവേണ്ടി ബലികൊടുക്കാന്‍ സന്നദ്ധരായ യുവതയെ വിപ്ലവത്തിന് കീഴില്‍ അണിനിരത്തി. 1926ൽ സ്ഥാപിച്ച നൗജവാൻ ഭാരത് സഭയും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപംകൊടുത്ത എച്ച്എസ്ആർഎ സേനയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെതിരെ സായുധ പോരാട്ടം അഴിച്ചുവിട്ടു.


മാറ്റം അനിവാര്യമാണ്, അതു നിഷേധിക്കുന്ന വ്യവസ്ഥകളെ അട്ടിമറിക്കുന്നതാണ് വിപ്ലവം എന്ന് നിർവ്വിച്ചിച്ചു. ബധിരകർണങ്ങളില്‍ എത്താന്‍ അത്രയുമുച്ചത്തിലാകണം മുദ്രാവാക്യമെന്നായിരുന്നു ഭഗത് സിങിന്‍റെ നയം. മതമൗലികവാദത്തെ എതിർക്കുകയും, അന്ധവിശ്വാസങ്ങളെ തള്ളിക്കളയുകയും, ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുകയും ചെയ്തു. വിശ്വമാനവീകയതിലൂന്നിയ പൊതു ദേശീയതയിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. 17 വയസ് മുതല്‍ മരണം വരെയുള്ള കാലഘട്ടത്തില്‍ ഭഗത് സിങ് എഴുതിയ പുസ്തകളും കുറിപ്പുകളും അത് അടയാളപ്പെടുത്തുന്നു.

ഒടുവില്‍ ബ്രിട്ടീഷ് അസംബ്ലി ആക്രമണത്തിന്‍റെ പേരില്‍ വധശിക്ഷ വിധിച്ചപ്പോള്‍, തൂക്കിലേറ്റുന്നതിന് പകരം തന്നെ വെടിവെച്ച് കൊല്ലണമെന്ന് പഞ്ചാബ് ഗവർണർക്ക് നിവേദനം കൊടുത്തു. വധശിക്ഷ കാത്തുകിടക്കവെ, തന്‍റെ മോചനത്തിന് വേണ്ടി ദയാഹർജിയെഴുതിയ പിതാവിന് ഭഗത് സിങെഴുതിയ കത്ത് ഇങ്ങനെയാണ്.

"എനിക്കു വേണ്ടിയൊരു മാപ്പപേക്ഷ ബ്രിട്ടീഷുകാർക്ക് മുന്നിലെത്തിയെന്ന് ഉള്‍ക്കൊള്ളാനാകുന്നില്ല. പിന്നില്‍ നിന്ന് കുത്തേറ്റപോലെയാണ് തോന്നുന്നത്. മറ്റാരെങ്കിലുമാണ് ഇത് ചെയ്തിരുന്നതെങ്കില്‍ വഞ്ചനയില്‍ കുറഞ്ഞ ഒന്നുമായി ഞാനതിനെ കാണുമായിരുന്നില്ല. നിങ്ങളിത് ചെയ്തത് ദൗർബല്യത്തില്‍ നിന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും വലിയ ദൗർബല്യമായി ഞാനതിനെ കാണുന്നു... "

SCROLL FOR NEXT