ജാതി സെന്‍സസിനെ ഉപാധികളോടെ പിന്തുണയ്ക്കുന്നുവെന്ന തരത്തില്‍ പരോക്ഷ പ്രതികരണവുമായി ആർഎസ്എസ്. ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സെന്‍സസ് സഹായകമാകും. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് ആർഎസ്എസ് വക്താവ് സുനില്‍ അംബേദ്ക്കർ പറഞ്ഞു. പാലക്കാട് നടക്കുന്ന ആർഎസ്എസ് അഖിലഭാരതീയ സമന്വയ ബൈഠക്കില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രസ്താവന.
ജാതി സെന്‍സസിനെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപിയുടെ എതിർ ചേരിയില്‍ നില്‍ക്കുന്ന നേതാക്കള്‍ക്കും ആർഎസ്എസ് വക്താവ് മുന്നറിയിപ്പും നല്‍കി. ജാതിയും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും സെന്‍സിറ്റീവാണ്. അതുകൊണ്ട് തന്നെ അവ ഗൗരവപൂർവം കാണണമെന്നും സുനില്‍ പറഞ്ഞു.
ALSO READ: "കേസിൽ പ്രതിയായാൽ ഒരാളുടെ കെട്ടിടം എങ്ങനെ പൊളിക്കും"; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ കക്ഷികളും എന്‍ഡിഎയിലുള്ള ചില കക്ഷികളും രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിങ്ങനെയുള്ള നേതാക്കള്‍ നിരന്തരം ജാതി സെന്‍സസിന്‍റെ ആവശ്യകതകള്‍ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച, രാഹുല്‍ ഗാന്ധി ഇത്തരമൊരു സെന്‍സസിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും ഫലപ്രദമായ നയരൂപീകരണത്തിനും നീതിയുക്തമായ സമൂഹത്തിനും ഇത് ആവശ്യമാണെന്നും പറഞ്ഞിരുന്നു.
"ജാതി സെന്‍സസ് നടത്താതെ നമുക്ക് ഇന്ത്യന്‍ യാഥാർഥ്യങ്ങളില്‍ ഊന്നി നയങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കില്ല" , രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ഡാറ്റ ആവശ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. പാർലമെന്‍റിലും ഈ വിഷയത്തില്‍ ബിജെപി എംപി അനുരാഗ് താക്കൂറുമായി രാഹുല്‍ തർക്കത്തിലേർപ്പെട്ടിരുന്നു.
ജനതാദള്‍ യുണൈറ്റഡിന്‍റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാർ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തിയതിന് ശേഷമാണ് രാജ്യവ്യാപകമായി ഇതൊരു ചർച്ചാ വിഷയമായത്. ബിഹാറിലെ ജാതി സെന്‍സസ് സംസ്ഥാനത്തെ സാമ്പത്തികവും സാമൂഹികവുമായ അന്തരം തുറന്ന് കാട്ടിയിരുന്നു. ബീഹാറിലെ ജനസംഖ്യയില്‍ 80 ശതമാനവും പിന്നാക്ക വിഭാഗമാണെന്നായിരുന്നു സെന്‍സസിന്‍റെ കണ്ടെത്തല്‍.
സെന്‍സസ് റിപ്പോർട്ട് വന്നതിന് പിന്നാലെ അതിനെ പിന്തുണച്ച് ആർഎസ്എസ് രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടല്ലാത്ത എല്ലാവിധ ശാസ്ത്രീയ നടപടികളേയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ആർഎസ്എസ് പ്രതികരണം.