പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകള്‍ നിലനിർത്തുമെന്ന് കളക്ടർ ഡോ.എസ്. ചിത്ര അറിയിച്ചു. വോട്ടർ പട്ടിക കൃത്യമായി പരിശോധിച്ചുവെന്നും തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുമെന്നും കളക്ടർ അറിയിച്ചു. ഇരട്ട വോട്ടുള്ളവർ അത് മറച്ചുവെയ്ക്കരുതെന്ന മുന്നറിയിപ്പും കളക്ടർ നല്‍കി. കള്ളവോട്ട് ചെയ്താല്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.
പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തും. ഇവർക്ക് മറ്റു മണ്ഡലങ്ങളില്‍ വോട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഫോട്ടോ പകർത്തും. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൊബൈല്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യും. ഇരട്ട വോട്ടുള്ളവരില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങുമെന്നും ഇവർ മറ്റേതെങ്കിലും ബൂത്തില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നിയമ നടപടി സ്വീകരിക്കും കളക്ടർ അറിയിച്ചു.
വോട്ടർ പട്ടികയിലെ ക്രമക്കേടില്‍ ആരോപണ പ്രത്യാരോപണങ്ങളിലാണ് മുന്നണികള്‍. വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമ പോരാട്ടം തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു.
Also Read: കോൺഗ്രസിൽ ചേരുന്ന പ്രവർത്തകർ പാണക്കാട് തങ്ങളെ കാണണം; തങ്ങൾ മാത്രമാണോ മതമേലധ്യക്ഷൻ: കെ. സുരേന്ദ്രൻ
എന്നാല്‍, സിപിഎം കോടതിയെ സമീപിക്കുന്നത് ആത്മാർഥതയില്ലാതെയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ പ്രതികരണം. ഇരട്ട വോട്ടുകൾ പോളിങ് ദിനം ചലഞ്ച് ചെയ്യും. ചലഞ്ചിങ് വോട്ടുകൾക്ക് അപ്പുറത്തുള്ള ഭൂരിപക്ഷം ബിജെപിക്ക് കിട്ടുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് പറഞ്ഞ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു.
അതേസമയം, സിപിഎം നിയമ നടപടി സ്വീകരിക്കുന്നതിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വാഗതം ചെയ്തു. "ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് ഞങ്ങളാണ്. നടപടിയെടുക്കേണ്ട ആളുകളാണ് പരാതി നൽകുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ആളുകളെ കളിയാക്കുന്ന പ്രസ്താവനയാണിത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങൾ ഇത് വിടില്ല. നിയമപരമായും രാഷ്ട്രീയമായും നേരിടും. കളവ് നടന്നിട്ട് പൊലീസിൽ പോയി പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? പൊലീസാണ് കളവിനെ പ്രതിരോധിക്കേണ്ടത്. സിപിഎം ആത്മ പരിശോധന നടത്തണം", രാഹുല്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലേക്ക് എത്തുമ്പോള്‍ വ്യാജവോട്ട് ആരോപണങ്ങള്‍ സജീവമാക്കി നിർത്തുകയാണ് മൂന്ന് മുന്നണികളും.സരിനും സൗമ്യക്കുമെതിരെ കോണ്‍ഗ്രസ് വ്യാജ വോട്ട് ആരോപണം ഉന്നയിക്കുമ്പോള്‍ കോൺഗ്രസ് വ്യാപകമായി വ്യാജ വോട്ട് ചേർത്തെന്ന് വോട്ടർ പട്ടിക നിരത്തിയാണ് സിപിഎം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എം ഹരിദാസിനും ബിജെപി സംസ്ഥാന ഭാരവാഹി രഘുനാഥിനും രണ്ട് വോട്ടുണ്ടെന്ന ആരോപണവുമായി വി.കെ. ശ്രീകണ്ഠന്‍ എംപിയും രംഗത്തെത്തിയിരുന്നു.