NEWSROOM

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ ഇന്ന് കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കും

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

Author : ന്യൂസ് ഡെസ്ക്

ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കാനായി ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ സന്ദീപിനെതിരെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന്, വിടുതല്‍ ഹർജി തള്ളി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ നേടിയിരുന്നെങ്കിലും കേസില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി പ്രതി ഫയല്‍ ചെയ്ത വിടുതല്‍ ഹർജി തള്ളിയ സെഷൻസ് കോടതി ഉത്തരവ് ശരിവച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതിനാല്‍ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ പ്രതിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് ഇന്ന് പ്രതിയെ ഹാജരാക്കി കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയെന്ന നടപടി ക്രമം പൂർത്തിയാക്കുന്നത്.

2023 മെയ്‌ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ച  സന്ദീപ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

SCROLL FOR NEXT