ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പല രൂപാന്തരങ്ങൾക്കും നാടക വേദികൾ സാക്ഷിയായിട്ടുണ്ട്. കഥകളും നോവലുകളും ഇതിഹാസഹങ്ങളും പ്രമേയമാക്കുന്ന നാടകങ്ങൾ ഇനി വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അൽപം അധികം ശ്രദ്ധ ചെലുത്തേണമെന്നാണ് ഈയിടെയായെത്തുന്ന വാർത്തകൾ പറയുന്നത്. രാമായണത്തിൻ്റെ പാരഡി നാടകരൂപം അവതരിപ്പിച്ച വിദ്യാർഥികൾക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിരിക്കുകയാണ് ഐഐടി മുംബൈ അധികൃതർ. മാർച്ച് 31 കോളേജിൽ നടന്ന പെർഫോർമിങ്ങ് ആർട്സ് ഫെസ്റ്റിവലിൽ "രാഹോവൻ" എന്ന വിവാദ നാടകം അവതരിപ്പിച്ച വിദ്യാർഥികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് വൻ പിഴ ചുമത്തിയിരിക്കുന്നത്. നാടകത്തിൻ്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഹിന്ദു ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഈ നാടകത്തിൽ ഹിന്ദു വിശ്വാസങ്ങളേയും ദേവതകളെയും അവഹേളിക്കുന്ന പരാമർശങ്ങളുണ്ടെന്ന് ചൂണ്ടികാട്ടി ഒരു കൂട്ടം വിദ്യാർഥികളാണ് നാടകത്തിനെതിരെ അധികൃതർക്ക് പരാതി നൽകിയത്. പുരോഗമനത്തിൻ്റെയും ഫെമിനിസത്തിൻ്റെയും മറവിൽ നാടകം പ്രധാന കഥാപാത്രങ്ങളെയും സാംസ്കാരിക മൂല്യങ്ങളെയും പരിഹസിച്ചെന്നാണ് വിദ്യാർഥികളുടെ ആരോപണം. ഇതിനു പിന്നാലെ കോളേജ് അധികൃതർ യോഗം ചേരുകയും വിദ്യാർഥികൾക്ക് പിഴ ചുമത്താൻ തീരുമാനിക്കുകയും ചെയ്തു.
നാടകം അവതരിപ്പിച്ച എട്ട് വിദ്യാർഥികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് പിഴ ചുമത്തിയിരിക്കുന്നത്. നാല് വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപയും നാല് പേർക്ക് 40,000 രൂപയുമാണ് ഐഐടി ചുമത്തിയിരിക്കുന്ന പിഴ. ബിരുദധാരികളായ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജിംഖാന അവാർഡിൽ നിന്നുൾപ്പെടെ വിലക്കേർപ്പെടുത്തി. ജൂനിയർ വിദ്യാർഥികളെ ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്ന് ഡീബാർ ചെയ്തിട്ടുമുണ്ട്.
ശ്രീരാമനെയും രാമായണത്തേയും പരിഹസിക്കുന്നെന്ന് ചൂണ്ടികാട്ടി ഐഐടി ഫോർ ഭാരത് എന്ന ഗ്രൂപ്പിൽ നാടകം പങ്ക് വെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ നാടകം ചർച്ചയാവുന്നത്. ദൈവീകമുഖങ്ങളെ പരിഹസിക്കാൻ വിദ്യാർഥികൾ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു നാടകത്തിൻ്റെ ദൃശ്യങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചത്. രാഹോവൻ നാടകം പ്രദർശിപ്പിച്ച വിദ്യാർഥികൾക്കെതിരെ അധികൃതരെടുത്ത അച്ചടക്ക നടപടി ഞങ്ങൾ സ്വാഗതം ചെയ്യുന്നെന്നായിരുന്നു ഇതിനു ശേഷം ഐഐടി ഫോർ ഭാരതിൻ്റെ എക്സ് പോസ്റ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ മറവിൽ ഒരു മതവും പരിഹസിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.
അതേസമയം രാമായണത്തെ ആസ്പദമാക്കി സോമയാനമെന്ന പേരിൽ പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥികൾ അവതരിപ്പിച്ച നാടകവും വലിയ വിമർശനം നേരിട്ടിരുന്നു. നാടകത്തിന് പിന്നിൽ ഇടത് അനുകൂല വിദ്യാർഥികളും അധ്യാപകരുമാണെന്ന ആരോപണവുമായി അന്ന് എബിവിപിയാണ് രംഗത്തെത്തിയത്. സീത രാവണന് ഗോമാംസം നൽകുന്നതും രാവണനുമൊത്ത് നൃത്തം ചെയ്യുന്നതുമുൾപ്പെടുള്ള രംഗങ്ങൾ ഉൾപ്പെട്ട നാടകം വിദ്യാർഥികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും നാടകത്തിൻ്റെ രചയിതാവും സംവിധായകനുമായ പുഷ്പരാജ് എന്ന വിദ്യാർഥിയെ കോളേജിൽ നിന്നും പിരിച്ചുവിടണമെന്നുമായിരുന്നു എബിവിപിയുടെ ആവശ്യം. നാടകമവതരിപ്പിച്ച വിദ്യാർഥികൾക്ക് നേരെ വധഭീഷണിയുൾപ്പെടെ ഉണ്ടായതായും റിപ്പോർട്ട് ചെയ്തിരുന്നു.