വയനാടിന് കൈത്താങ്ങാകാൻ പായസ മേളയുമായി ഡിവൈഎഫ്ഐ. കിഴക്കേക്കോട്ട ഗാന്ധി പാർക്കിന് സമീപം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാല മേഖല കമ്മിറ്റിയാണ് പായസ മേള സംഘടിപ്പിച്ചത്. പായസ മേളയിലൂടെ കിട്ടുന്ന തുക റീബിൽഡ് വയനാട് ക്യാമ്പയിനിന്‍റെ ഭാഗമായി ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണ ചെലവിലേക്ക് ഉപയോഗിക്കും.
മീൻ കച്ചവടം, ബിരിയാണി ചലഞ്ച്, ഫുഡ് ചലഞ്ച് തുടങ്ങി ജന സ്വീകാര്യ പരിപാടികൾക്ക് ശേഷമാണ് ഡി വൈ എഫ് ഐ യുടെ പായസ മേള. 10 കൂട്ടം പായസമാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. അതിൽ വെറൈറ്റിയായി മത്തൻ, കാരറ്റ്, ഈന്തപ്പഴം എന്നിവയും. 'ആവശ്യത്തിന് കുടിക്കാം, ഇഷ്ടമുള്ള തുക വയനാടിലേക്ക്' എന്നതാണ് മേളയുടെ മുദ്രാവാക്യം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 174,17,93,390 രൂപയാണ് . വിവിധ സംഘടനയുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി സഹായം സ്വരൂപിക്കുന്നുണ്ട്. വയനാട്ടില്‍ ലോകോത്തര പുനരധിവാസം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
അതേസമയം, വയനാടിനായുള്ള സാലറി ചലഞ്ചിനെ സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നും അതിനായി ജീവനക്കാർ സമ്മതപത്രം നൽകണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.