എസ്എഫ്ഐ നേതാക്കളുടെ മദ്യപാന വീഡിയോ പുറത്തായ സംഭവത്തിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നടപടി. ജില്ലാപ്രസിഡന്റ് നന്ദൻ മധുസൂദനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഞ്ജയ് സുരേഷ് എന്നിവരെ സ്ഥാനങ്ങളിൽ നിന്നും നീക്കി. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് ഫ്രാക്ഷൻ യോഗത്തിലാണ് തീരുമാനം. ജില്ലാ പ്രസിഡന്റിന്റെ ചുമതല മംഗലാപുരത്ത് നിന്നുള്ള ജയകൃഷ്ണന് നൽകി.
ഹോട്ടൽ മുറിയിൽ മദ്യക്കുപ്പിയുമായി എസ്എഫ്ഐ നേതാക്കൾ നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി. എസ്എഫ്ഐയുടെ കോളേജ് യൂണിയൻ കമ്മിറ്റികളിൽ തന്നെ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.