രാജ്യത്ത് ആദ്യമായി ലോക്കോപൈലറ്റ് ഇല്ലാതെ സര്‍വീസ് നടത്തി ഡൽഹി മെട്രോ. ജനക്‌പുരി ബൊട്ടാണിക്കൽ ലൈനിലാണ് പൂർണ്ണ തോതിലുള്ള സർവീസ് ആരംഭിച്ചത്. ആൾ സഹായമില്ലാതെ 24 മണിക്കൂർ സർവീസ് നടത്തുക എന്ന പദ്ധതിയുടെ ആദ്യപടിയായാണ് ലോക്കോപൈലറ്റില്ലാതെ ഓടുന്ന ട്രെയിന്‍ ഡല്‍ഹി മെട്രോ പരീക്ഷിച്ചത്.
രാജ്യത്ത് ആദ്യമായാണ് പൂർണമായും ഒട്ടോമാറ്റിക് സംവിധാനത്തില്‍ ഓടുന്ന, ഡ്രൈവറില്ലാത്ത ട്രെയിൻ ഡൽഹി മെട്രോ ആരംഭിച്ചത്. ഒരു അറിയിപ്പും നൽകാതെയാണ് 34.2 കിലോമീറ്റർ നീളമുള്ള ജനക്‌പുരി ലൈനിൽ ലോക്കോ പൈലറ്റ് ഇല്ലാതെ സർവീസ് ആരംഭിച്ചത്. 25 സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള മജന്ത ലൈനിൽ ദിനം പ്രതി അരലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.
ലോക്കോപൈലറ്റുമാരെ ഒഴിവാക്കി സർവീസ് നടത്തിയാൽ തൊഴിൽ നഷ്ടം സംഭവിക്കുമെന്നുചൊല്ലി നടക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ഒരു അറിയിപ്പും നൽകാതെ സർവീസ് തുടങ്ങിയത്. ഡൽഹി മെട്രോ റെയിൽ പദ്ധതിക്ക് നിക്ഷേപം നടത്തിയ ജപ്പാൻ സർക്കാരിൻ്റെ നിബന്ധനകൾ പാലിക്കുന്നതിൻ്റെ ആദ്യ പടിയായി ഈ ഡ്രൈവറില്ലാത്ത സർവീസിനെ കാണാം. കേന്ദ്ര നഗരവികസന മന്ത്രാലയവും ഡൽഹി സർക്കാരും സംയുക്തമായിട്ടാണ് ഡൽഹി മെട്രോയുടെ മേൽനോട്ടം വഹിക്കുന്നത്.