ചെർണോബില്‍ ആണവനിലയത്തിന്‍റെ സംരക്ഷണ കവചത്തിലേക്ക് റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോർട്ട്. യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോഡിമർ സെലന്‍സ്കിയാണ് വിവരം പുറത്തുവിട്ടത്. ആക്രമണത്തില്‍ റേഡിയേഷൻ ഷെല്‍ട്ടറിന്‍റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചെങ്കിലും, മിനിറ്റുകൾക്കകം അഗ്നിസേനാ വിഭാഗം തിയണച്ചതായും വ്ളോഡിമർ സെലന്‍സ്കി വ്യക്തമാക്കി.
1986 ലെ ചെർണോബില്‍ ദുരന്തത്തില്‍ പൊട്ടിത്തെറിച്ച ആണവ റിയാക്ടറിന്‍റെ സംരക്ഷണ കവചത്തിന് ആക്രമണത്തില്‍ കേടുപാടുകളുണ്ടായെന്നാണ് റിപ്പോർട്ട്. ചെർണോബില്‍ കർശന നിരീക്ഷണത്തിലാണെന്നും, റേഡിയേഷന്‍റെ അളവ് ഉയർന്നിട്ടില്ലെന്നും സാധാരണ നിലയിലാണെന്നും എന്നും സെലന്‍സ്കി അറിയിച്ചിട്ടിണ്ട്.
കീവ് മേഖലയിൽ ഫെബ്രുവരി 13 ന് രാത്രിയിലാണ് ആക്രമണം നടന്നത്. ഡ്രോണിൽ വലിയ അളവിൽ സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു എന്നാണ് സെലൻസ്കി അറിയിക്കുന്നത്. ചെർണോബിലെ ആണവ നിലയത്തിന്റെ നാലാമത്തെ പവർ യൂണിറ്റിലെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കവചത്തെയാണ് റഷ്യ ആക്രമിച്ചത്. അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ ഇത്തരം സ്ഥലങ്ങൾ ആക്രമിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ന് റഷ്യയാണ്. ഇത് ലോകത്തിന് ഒരു ഭീഷണിയാണെന്നും സെലന്‍സ്കി പറഞ്ഞു.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവമുണ്ടായ ഉടനടി അഗ്നിശമന സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും കാര്യക്ഷമമായി ഇടപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആണവ സുരക്ഷ നിരീക്ഷിക്കുന്ന ഏജൻസിയാണ് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി.
1986-ൽ ലോകത്തിലെ ഏറ്റവും വലിയ സിവിൽ ആണവ ദുരന്തം സംഭവിച്ച സ്ഥലമാണ് ചെർണോബിൽ. ആണവ നിലയത്തിലെ നാല് റിയാക്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചാണ് ലോകത്തെ നടുക്കിയ ആണവ ദുരന്തം സംഭവിച്ചത്. ഇത് യൂറോപ്പിലുടനീളം ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാക്കിയിരുന്നു. ആ റിയാക്ടർ ഇപ്പോൾ സാർക്കോഫാഗസ് എന്നറിയപ്പെടുന്ന ഒരു സംരക്ഷിത ഷെൽട്ടർ കൊണ്ട് മൂടിയിരിക്കുകയാണ്.
ഒരു ഡ്രോൺ ആക്രമണത്തിനും ഈ സംരക്ഷണ പാളിക്ക് കേടുപാടുകൾ വരുത്താൻ കഴിയില്ലെന്ന് യുകെയിലെ പോർട്ട്സ്മൗത്ത് സർവകലാശാലയിലെ പ്രൊഫസർ ജിം സ്മിത്ത് ബിബിസിയോട് പറഞ്ഞു. അതേസമയം, ചെർണോബിൽ ആണവനിലയം ആക്രമിച്ചുവെന്ന ആരോപണങ്ങൾ തെറ്റാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ സൈന്യം യുക്രെയ്നിലെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചിട്ടില്ലെന്നും റഷ്യ അറിയിച്ചു.