ടെല്‍ അവീവ് 
NEWSROOM

ടെല്‍ അവീവില്‍ ഡ്രോണ്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സായുധസേന

ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേലിലെ ടെല്‍ അവീവില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം യെമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൂതി സംഘങ്ങള്‍ ഏറ്റെടുത്തു. ടെല്‍ അവീവിലെ യുഎസ് എംബസിക്ക് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സേന വക്താവ് സമൂഹമാധ്യമത്തിലൂടെയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അധിനിവേശ പലസ്തീനിലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നായിരുന്നു ഹൂതി വക്താവിൻ്റെ പോസ്റ്റ്. റഡാറുകള്‍ക്കും ഇൻ്റര്‍സെപ്റ്റര്‍ സംവിധാനങ്ങള്‍ക്കും കണ്ടെത്താന്‍ സാധിക്കാത്ത ഡ്രോണുകളാണ് ആക്രമണത്തിനു ഉപയോഗിച്ചതെന്നാണ് ഹൂതികള്‍ ആവകാശപ്പെടുന്നത്.

രാജ്യത്തിന് നേരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പ്രതികരിച്ചു. എന്നാല്‍ ഇസ്രയേല്‍ വ്യോമാക്രമണ പ്രതിരോധ സംവിധാനത്തിനു ഡ്രോണുകളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് സുരക്ഷാ വീഴ്ചയായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.

"ഇസ്രയേലിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിക്കില്ലായെന്നതിന് മറ്റൊരു തെളിവാണിത്", ഇസ്രയേല്‍ പ്രതിപക്ഷ കക്ഷി നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു.

പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ചുവന്ന കടലും ഗള്‍ഫ് ഓഫ് ഏദനും കടന്നു പോകുന്ന നിരവധി ഇസ്രയേല്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

SCROLL FOR NEXT