ചൂരൽമല 
NEWSROOM

രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും

ഭക്ഷണം നേരിട്ടെത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇനി അതിവേഗം ഭക്ഷണമെത്തും. രക്ഷാപ്രവര്‍ത്തകര്‍ക്ക് സമയാസമയം അതിവേഗം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകള്‍ പരീക്ഷിച്ചു. ഒരേസമയം പത്ത് പേര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ കഴിയുന്ന ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഹിറ്റാച്ചി, ജെ.സി.ബി പോലുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം നേരിട്ടെത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വാഹനങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

Also Read: 

കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാഴ്ച്ച പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തനവും തെരച്ചിലും തുടരുകയാണ്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 366 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ചാലിയാര്‍ തീരത്ത് ഇന്നും തെരച്ചില്‍ തുടരും. ഇരുട്ടുകുത്തി മുതല്‍ പോത്തുകല്‍ പഞ്ചായത്ത് പരിധിയായ ചാത്തമുണ്ട വരെയുള്ള മേഖലകളിലാണ് ഇന്ന് പരിശോധന. പോത്തുകല്‍ പഞ്ചായത്ത് പരിധിയില്‍ 9 വാര്‍ഡുകളില്‍ വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചില്‍. പുഴയുടെ തീരത്ത് കൂടുതല്‍ മൃതദേഹങ്ങളുണ്ടെങ്കില്‍ കണ്ടെത്തുകയാണ് ലക്ഷ്യം. സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും പോലീസും ചേര്‍ന്നാണ് പരിശോധന.




SCROLL FOR NEXT