NEWSROOM

വീണ്ടും വില്ലനായി ലഹരി! തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ യുവാവ് അമ്മയെ ആക്രമിച്ചു

വിതുര സ്വദേശി മുഹമ്മദ് ഫയാസാണ് അമ്മയെ ആക്രമിച്ചത്. മുൻപ് നടന്ന ലഹരിക്കേസുകളിലെ പ്രതി കൂടിയാണ് ഫയാസ് എന്ന് പൊലീസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിതുരയിൽ ലഹരിക്ക് അടിമയായ യുവാവ് അമ്മയെ ആക്രമിച്ചു. വിതുര സ്വദേശി മുഹമ്മദ് ഫയാസാണ് അമ്മയെ ആക്രമിച്ചത്. ഇയാളെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് നടന്ന ലഹരിക്കേസുകളിലെ പ്രതി കൂടിയാണ് ഫയാസ് എന്ന് പൊലീസ് വ്യക്തമാക്കി. സാരമായി പരിക്കേറ്റ അമ്മ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ഫയാസിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


മലപ്പുറത്ത് വേങ്ങരയിൽ രാസലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാനത്ത് നിന്നുള്ള പുതിയ വാർത്ത. മലപ്പുറം ചെനക്കൽ സ്വദേശി സൽമാനാണ് കഴിഞ്ഞ ദിവസം അമ്മയെ ആക്രമിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി യുവാവിനെ ഡീ അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി. എംഡിഎംഎയ്ക്ക് അടിമയാണ് സൽമാനെന്നാണ് വിവരം.

അതേസമയം കോഴിക്കോട് താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഓമശ്ശേരി സ്വദേശി പൂകുന്നുമ്മൽ ശ്രീകുട്ടനാണ് പിടിയിലായത്. ലഹരിക്ക് അടിമയായ പ്രതി മയക്കുമരുന്ന് ഉപയോഗവും, വിൽപ്പനയും നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ ലഹരി സംഘത്തിലുള്ളവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സംസ്ഥാനത്തെ ലഹരി പരിശോധന യുവ ഗായകരിലേക്കും നീട്ടാനൊരുങ്ങുകയാണ് എക്സൈസ്. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ ന്യൂ ജെൻ ഗായകർ നിരീക്ഷണത്തിലാണ്. പത്തിലധികം ന്യൂജെൻ ഗായകരെ നിരീക്ഷിച്ച് വരികയാണെന്നും എക്സൈസ് അറിയിച്ചു. അറസ്റ്റ് ഉൾപ്പെടെ നടപടികൾ ഉണ്ടാവുമെന്നാണ് വിവരം.


പരിപാടികളുടെ മറവിൽ ലഹരി ഉപയോഗം നടത്തുന്നു എന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിപാടികളിൽ എത്തിയശേഷം ലഹരി ഉപയോഗിച്ച് പലർക്കും പാടാൻ കഴിയാത്ത സ്ഥിതിയാണ്. ആവശ്യമെങ്കിൽ മുടിയുടെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിക്കുമെന്നും എക്സൈസ് അറിയിച്ചു.

SCROLL FOR NEXT