NEWSROOM

ആലുവ സബ് ജയിലില്‍ മയക്കുമരുന്ന് കേസ് പ്രതികളുടെ ആക്രമണം; ജയില്‍ വാര്‍ഡന് പരിക്ക്

ഭക്ഷണം വിളമ്പുന്ന സമയത്ത് ഇവരിലൊരാളായ അഫ്സൽ ബഹളമുണ്ടാക്കി. അഫ്സലിനെ സൂപ്രണ്ടിൻ്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു നാല് പേരും ചേർന്ന് വാർഡനെ അക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

ആലുവ സബ് ജയിലിൽ ജയിൽ വാർഡന് മയക്കുമരുന്ന് പ്രതികളുടെ ആക്രമണം. എംഡിഎംഎ കേസ് പ്രതികളാണ് ജയിൽ വാർഡനെ ആക്രമിച്ചത്. സൂപ്രണ്ടിന്റെ ഓഫീസും അക്രമികൾ അടിച്ച് തകർത്തു. പ്രതികളെ കീഴ്പ്പെടുത്തുന്നതിനിടയിൽ ചില്ലുകൊണ്ട് ജയിൽ വാർഡൻ സരിൻ്റെ കൈക്ക് പരിക്ക് പറ്റി.

എംഡിഎംഎ കേസിലെ പ്രതികളായ അഫ്സൽ പരിത്,ചാൾസ് ഡെന്നിസ്,മുഹമ്മദ് അൻസാർ,മുനീസ് മുസ്തഫ എന്നിവരാണ് ആക്രമണം നടത്തിയത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ഇവരിലൊരാളായ അഫ്സൽ ബഹളമുണ്ടാക്കി. അഫ്സലിനെ സൂപ്രണ്ടിൻ്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു നാല് പേരും ചേർന്ന് വാർഡനെ അക്രമിച്ചത്.

2022 ൽ അങ്കമാലി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ. ഇവർ നാലുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. സംഭവത്തിൽ ജയിൽ അധികൃതർ നൽകിയ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. തുടര്‍ന്ന് രണ്ടു പ്രതികളെ വിയ്യൂരിലേക്കും രണ്ടു പേരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി.

അതേസമയം തൃശൂരിൽ നിന്ന്  രണ്ട് കോടി രൂപയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മണ്ണുത്തി സ്വദേശി റീഗൺ, ചേർപ്പ് സ്വദേശിയും നിഷാദ് എന്നിവർ അറസ്റ്റിലായി. 

SCROLL FOR NEXT