NEWSROOM

മദ്യപിച്ച് വാഹനമോടിക്കല്‍; ബ്രെത്തലൈസറിലെ ഒർജിനൽ പ്രിൻ്റ് ഔട്ട് നിർബന്ധമാക്കി ഹൈക്കോടതി

മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ തെളിവുകളുടെ അഭാവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

മദ്യപിച്ച് വാഹനമോടിച്ചാലുള്ള കേസുകളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലാകുന്നവരുടെ ബ്രെത്തലൈസർ പരിശോധനാ ഫലത്തിന്‍റെ ഒർജിനൽ പ്രിൻ്റ് ഔട്ട് നിർബന്ധമാക്കി. മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ മെഡിക്കൽ പരിശോധന നടത്തണം. പൊലീസ് തയ്യാറാക്കുന്ന പകർപ്പ് തെളിവായി സ്വീകരിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് വി.ജി. അരുണാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ തെളിവുകളുടെ അഭാവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി.

മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിക്കുന്ന സമയത്ത് മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 203 പ്രകാരം നടത്തുന്ന ബ്രെത്ത് ടെസ്റ്റിലെ ഒർജിനൽ പ്രിന്റ് ഔട്ട് മാത്രമേ തെളിവായി സ്വീകരിക്കാവൂ എന്നായിരുന്നു ഹർജിക്കാരന്റെ വാദം. സെക്ഷൻ 185 പ്രകാരം മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് സംശയം തോന്നിയാൽ അറസ്റ്റിലായി രണ്ട് മണിക്കൂറിനുള്ളിൽ വൈദ്യപരിശോധന നടത്തണമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബ്രെത്തലൈസറിന്റെ ഒർജിനൽ പ്രിൻ്റ് ഔട്ട് വേണം തെളിവായി കോടതിയിൽ ഹാജരാക്കേണ്ടതെന്നും കൃത്യമായി പരിശോധന നടത്തണമെന്നുമുള്ള ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവും വാദത്തിന്റെ ഭാ​ഗമായി എടുത്തുകാട്ടിയിരുന്നു.

ഹർജിക്കാരനെതിരെ കോടതിയിൽ സമർപ്പിച്ച ബ്രെത്തലൈസർ പരിശോധനാ ഫലം പകർപ്പായതിനാൽ അതിന് നിയമസാധുതയില്ലെന്നും കോടതി കണ്ടെത്തി. ഇതിനെതുടർന്ന്, ഹർജിക്കാരനെതിരായ എല്ലാ തുടർനടപടികളും കോടതി റദ്ദാക്കി.

SCROLL FOR NEXT