NEWSROOM

കാരവാനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; ഡമ്മി പരിശോധന ആരംഭിച്ചു

കാർബൺ മോണോക്സൈഡ് എങ്ങനെ വാഹനത്തിനുള്ളിൽ പരന്നു എന്ന് കണ്ടെത്താനാണ് പരിശോധന

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് വടകരയിൽ യുവാക്കളെ കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാരവാനിൽ ഡമ്മി പരിശോധന ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഫോറൻസിക് സയന്റിഫിക് വിദഗ്ധർ, വാഹന നിർമ്മാണ കമ്പനിയുടെ വിദഗ്ധർ, എൻഐടി വിദഗ്ധസംഘം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കാർബൺ മോണോക്സൈഡ് എങ്ങനെ വാഹനത്തിനുള്ളിൽ പരന്നു എന്ന് കണ്ടെത്താനാണ് പരിശോധന.

രണ്ടു പേരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിനുള്ളിലെ എസിയിൽ നിന്നോ ജനറേറ്ററിൽ നിന്നോ ആകാം വിഷവാതകം ചോർന്നതെന്നും സംശയമുണ്ട്. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറംതള്ളിയത് കാർബൺ മോണോക്സൈഡാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡിസംബർ 24 നാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിനകത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്‌, കാസർഗോഡ് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം പരിശോധിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

SCROLL FOR NEXT