കണ്ണൂർ ചെറുപുഴയിൽ കനത്തമഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ വീടിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. മണ്ണും കല്ലും വീണ് വീടിന് കേടുപാടുണ്ടായി. സമീപത്തെ മറ്റൊരു വീടും അപകടാവസ്ഥയിലാണ്.
ചെറുപുഴ ടൗണിന് സമീപം ഞായറാഴ്ച വൈകീട്ട് 5 ഓടെയായിരുന്നു അപകടം. പുത്തന്‍വീട്ടില്‍ സോനയുടെ വീടിന് മുകളിലേക്കാണ് തൊട്ടുമുകളിലത്തെ വീടിൻറെ സംരക്ഷണഭിത്തിയും മതിലും ഉള്‍പ്പെടെ ഇടിഞ്ഞ് വീണത്. കല്ലും മണ്ണും വര്‍ക്ക് ഏരിയയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വീടിന്റെ തൂണിലും ചുമരിലും വിള്ളല്‍ വീണു. ടെറസിലേക്ക് കയറാന്‍ സ്ഥാപിച്ച ഇരുമ്പ് ഗോവണിയും തകര്‍ന്നിട്ടുണ്ട്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് വീടിന് മുകളിലേക്ക് മണ്‍തിട്ടയും കല്ലുകളും ഇടിഞ്ഞുവീണത് അറിഞ്ഞത്. കൂട്ടുക്കര ജനാര്‍ദ്ദൻറെ വീടിൻറെ മുറ്റം കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്ന് താഴേക്ക് പതിച്ചത്. മുറ്റം ഇടിഞ്ഞതോടെ ഈ വീടും അപകടാവസ്ഥയിലാണ്.