നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധി ആശ്വാസകരമെന്ന് ഡിവൈഎഫ്ഐ. ലീഗിന്റെ ക്രിമിനൽ മുഖം കൂടുതൽ വ്യക്തമായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. അന്ന് പ്രതികൾക്കുള്ള ശിക്ഷ പ്രഖ്യാപിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, കണ്ണൂരിൽ നിന്നുള്ള നേതാവല്ല, ഒരു അണി പോലും പി.വി അൻവറിന് ഒപ്പം ഇല്ലെന്നും വി.കെ. സനോജ് പറഞ്ഞു. അൻവറിന് കണ്ണൂരിനെക്കുറിച്ച് അറിയില്ല. അൻവറിന് സ്ഥലം മാറിപ്പോയെന്നും സനോജ് കൂട്ടിച്ചേർത്തു.