രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിച്ച് സംസാരിച്ചിട്ടും വികസന വിവാദത്തില്‍ നിലപാട് മാറ്റാതെ ശശി തരൂര്‍. താന്‍ സംസാരിച്ചത് കേരളത്തിന് വേണ്ടിയാണെന്നും ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്നും തരൂര്‍ പറഞ്ഞു. മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വിഭിന്നമായി കെ.സുധാകരന്‍ തരൂരിനോട് മൃദുനിലപാടാണ് ഇന്നും സ്വീകരിച്ചത്. ഇതിനിടെ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിലേക്ക് തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നിര്‍ണായക നീക്കമാണ് നടത്തിയത്.
രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് ഹൈക്കമാന്‍ഡിന്റെ അതൃപ്തി അറിയിച്ചിട്ടും ശശി തരൂരിന് കുലുക്കമില്ല. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് വികസനത്തെ കുറിച്ചുള്ള വാദങ്ങളില്‍ നിന്ന് അണുവിട മാറില്ല. താന്‍ അവംലബിച്ചത് അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് ആണെന്നും തിരുത്തണമെങ്കില്‍ മറിച്ചുള്ള കണക്ക് കൊണ്ടു വരണമെന്നും തരൂര്‍ വെല്ലുവിളിച്ചു. താന്‍ സംസാരിക്കുന്നത് കേരളത്തിന് വേണ്ടിയാണ് എന്ന തരൂരിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കളെ കുത്തി നോവിക്കുന്നതാണ്.
എന്നാല്‍ തരൂരിന്റെ വാദങ്ങള്‍ രമേശ് ചെന്നിത്തല തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഡേറ്റ കൊടുക്കുന്നത് സിപിഐഎമ്മിന്റെ പിആര്‍ ഏജന്‍സികള്‍ ആണെന്ന് ചെന്നിത്തല തിരിച്ചടിച്ചു. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ശശി തരൂരിനോട് കാട്ടുന്ന കര്‍ക്കശ നിലപാട് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചില്ല. തരൂര്‍ വലിയ ദ്രോഹമൊന്നും ചെയ്തിട്ടില്ലെന്നും വ്യഖ്യാനിച്ച് പ്രശ്‌നത്തെ വഷളാക്കിയതാണെന്നും സുധാകരന്‍ നിലപാട് എടുത്തു.
ഇതിനിടെ കോണ്‍ഗ്രസിലെ അന്തഃച്ഛിദ്രം പരമാവധി ചൂഷണം ചെയ്യാനാണ് സിപിഎമ്മിന്റെ നീക്കം. തരൂരിനെ സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തിലേക്ക് ക്ഷണിച്ച് കൊണ്ട് നിര്‍ണായക നീക്കമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. തരൂര്‍ സമ്മേളനത്തിന് ആശംസ നേര്‍ന്നെന്ന് എ.എ.റഹീം പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഒപ്പം നിന്ന് ഫോട്ടോയും എടുത്തു തരൂര്‍. മറ്റ് തിരക്ക് ഉള്ളതിനാല്‍ സമ്മേളനത്തിന് വരില്ലെന്ന് തരൂര്‍ ഡിവൈഎഫ്‌ഐ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വികസന വിഷയത്തിലെ നിലപാടില്‍ തരൂര്‍ ഉറച്ച് നില്‍ക്കുന്നതോടെ വിവാദച്ചുഴിയില്‍ അകപ്പെട്ട കോണ്‍ഗ്രസിന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാകുകയാണ്.