NEWSROOM

ജിതിൻ കൊലപാതക കേസ്: വിഷ്ണു സംഘപരിവാർ പ്രവർത്തകൻ തന്നെ, തെളിവുകൾ പുറത്തുവിട്ട് DYFI

വിഷ്ണുവിന് ആർഎസ്എസുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അവകാശവാദം ഉന്നയിക്കുന്നതിനിടയാണ് ചിത്രങ്ങൾ പുറത്തുവരുന്നത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട പെരുനാട് പെരുനാട് ജിതിൻ കൊലപാതക കേസിലെ മുഖ്യപ്രതി വിഷ്ണു സംഘപരിവാർ പ്രവർത്തകനാണെന്ന് എന്ന തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. വിഷ്ണുവിന് ആർഎസ്എസുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ്  അവകാശവാദം ഉന്നയിക്കുന്നതിനിടയാണ് ചിത്രങ്ങൾ പുറത്തുവരുന്നത്. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിഷ്ണു പ്രദേശത്തെ പ്രമുഖ ആർഎസ്എസ് പ്രവർത്തകൻ എന്ന സിപിഎം നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തെ ശരിവച്ചുകൊണ്ടുള്ള തെളിവുകളാണ് പുറത്തുവന്നത്.


ഫെബ്രുവരി 16നായിരുന്നു ലോഡിങ് തൊഴിലാളിയായ ജിതിൻ കൊല്ലപ്പെട്ടത്. രാത്രി പത്ത് മണിയോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്. സംഘർഷത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി കുത്തേറ്റിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു ഉൾപ്പെടെ നാലുപേരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വയ്ക്കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം പറഞ്ഞു.എന്നാൽ കൊലക്കുറ്റം ബിജെപിയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡൻ്റ് വി. എ. സൂരജിൻ്റെ പ്രതികരണം.

പത്തനംതിട്ടയിലെ കൊലപാതകം ക്രൂരവും പ്രതിഷേധാർഹവുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷത്തിന് കളങ്കം വരുത്തുന്നതാണ് പെരുന്നയിലെ സംഭവം. അക്രമികളെ അതിവേഗം നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ടി.പി. രാമകൃഷ്ണൻ പറ‍ഞ്ഞു.



ജിതിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആർഎസ്എസ് നടത്തിയതിന് പിന്നൽ ആർഎസ്എസ് ആണെന്നും, പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ട് എന്ന പ്രചരണം തെറ്റാണെന്നുമായിരുന്നു ജില്ലാ സെക്രട്ടറി രാജു എബ്രഹാമിൻ്റെ പ്രതികരണം. "പ്രതികൾ രണ്ടോ മൂന്നോ വർഷം ഡിവൈഎഫ്ഐയിൽ ഉണ്ടായിരുന്നു. എന്നാൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നതിൻ്റെ പേരിൽ ഒഴിവാക്കിയതാണ്. തുടർന്ന് അവർ വീണ്ടും ആർഎസ്എസിൻ്റെ ഭാഗമായി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ആ മേഖലയിൽ അക്രമങ്ങൾ നടത്താനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ആ സംഘത്തിനൊപ്പമാണ് സുമിത്തും മനീഷും ഉണ്ടായിരുന്നത്," രാജു എബ്രഹാം പറഞ്ഞു.

SCROLL FOR NEXT