NEWSROOM

"യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം, പുടിനെ എനിക്ക് വിശ്വാസം"; റഷ്യക്ക് ട്രംപിൻ്റെ താക്കീത്

സംഭവം വഷളാകുന്നതിന് മുൻപ് ചർച്ചയ്ക്ക് തയ്യാറാകാനും റഷ്യക്ക് ട്രംപ് താക്കീത് നൽകി

Author : ന്യൂസ് ഡെസ്ക്

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായുള്ള വാഗ്വാദത്തിനും അനിശ്ചിതത്വങ്ങൾക്കും പിന്നാലെ റഷ്യക്ക് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉപരോധ ഭീഷണി. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്കെതിരെ ഉപരോധമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഉയർന്ന താരിഫുകൾ ചുമത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തി. സംഭവം വഷളാകുന്നതിന് മുൻപ് ചർച്ചയ്ക്ക് തയ്യാറാകാനും റഷ്യക്ക് ട്രംപ് താക്കീത് നൽകി. സെലൻസ്കിയുമായുള്ള തർക്കത്തിന് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യക്കെതിരായ ട്രംപിൻ്റെ ഭീഷണി.

"റഷ്യ ഇപ്പോൾ യുക്രെയ്നെ വളരെയധികം ആക്രമിക്കുന്നു. ഉടൻ തന്നെ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാറിലേക്കും റഷ്യ നീങ്ങിയില്ലെങ്കിൽ വലിയ തോതിലുള്ള ഉപരോധങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. റഷ്യക്കെതിരെ ബാങ്കിങ് ഉപരോധങ്ങൾ, താരിഫ് വർധന തുടങ്ങിയവ പരിഗണനയിലാണ്," ട്രംപ് പറഞ്ഞു. ഏറ്റവും പെട്ടന്ന് തന്നെ ചർച്ചയ്ക്ക് തയ്യാറാകൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈ കാര്യത്തിൽ തനിക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ വിശ്വാസമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും, പുടിന്റെ സൈന്യം ഒറ്റരാത്രികൊണ്ട് യുക്രെയ്‌നിലുടനീളം വൻ ബോംബാക്രമണം നടത്തിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായെന്നും ട്രംപ് പറഞ്ഞു. ആ സ്ഥാനത്തുള്ള ആരായാലും ചെയ്യുന്ന കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് ഞാൻ കരുതുന്നു. പുടിനുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അദ്ദേഹം യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യുഎസ്, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ റഷ്യക്കെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ 21000ത്തിലധികം ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

SCROLL FOR NEXT