മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രിയടക്കം മറ്റ് മുതിർന്ന നേതാക്കളുടെയും ബാഗുകൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ തയാറാകുമോയെന്ന ഉദ്ദവ് താക്കറെയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു നടപടി. പാൽഘർ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ബാഗ് പരിശോധിച്ചത്
മുഖ്യമന്ത്രിക്ക് പുറമേ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് , അജിത് പവാർ എന്നിവരുടെ ബാഗുകളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചു. യവത്മാൽ ജില്ലയിൽ പ്രചാരണത്തിനെത്തിയപ്പോൾ സർക്കാർ അധികൃതർ തന്റെ ബാഗ് പരിശോധിച്ചുവെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ നേരത്തെ പരാതിപ്പെട്ടിരുന്നു. വാനിയിൽ പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് ദെർകാറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് താക്കറെ ഇക്കാര്യം വെളിപ്പെടുത്തിയത്.
മാത്രമല്ല , പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ഷിൻഡെയും അടക്കം ഭരണ പക്ഷത്തെ നേതാക്കളെ ഇത്തരത്തിൽ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോ എന്ന ചോദ്യവും ഉദ്ദവിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. സംഭവത്തിൽ തനിക്ക് അസ്വസ്ഥതയില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ അവരുടെ ജോലിയാണ് ചെയ്തതെന്നും ഉദ്ദവ് വ്യക്തമാക്കുകയും ചെയ്തു .
അതേസമയം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പരിശോധനയ്ക്ക് വിധേയമായെന്ന വിവരം പുറത്ത് വന്നതോടെ വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള മഹാ വികാസ് അഘാഡിയുടെ പ്രചാരണത്തിൻ്റെ മുനയൊടിഞ്ഞു . കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിശോധനയെ സാധാരണ നടപടിക്രമമെന്നാണ് വിശേഷിപ്പിക്കുന്നത്.