NEWSROOM

നാല് വയസുകാരിക്കും ഇ-കോളി അണുബാധ; ഡി.എൽ.എഫ് ഫ്ലാറ്റിനെതിരെ പരാതിയുമായി താമസക്കാർ

മലിനജലമെന്ന് അറിഞ്ഞിട്ടും മറച്ചുവച്ചതിൽ ഡി എൽ എഫ് ഫ്ലാറ്റിനെതിരെ പരാതിയുമായി താമസക്കാർ

Author : ന്യൂസ് ഡെസ്ക്

കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. നാല് വയസുകാരി നിഹാര കൃഷ്ണയ്ക്കും ഇ-കോളി അണുബാധ സ്ഥിരീകരിച്ചതോടെ ഫ്‌ളാറ്റ് അസോസിയേഷനെതിരെ പരാതിയുമായി താമസക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വെള്ളത്തില്‍ ഇ-കോളി അണുബാധ കണ്ടെത്തിയിട്ടും വിവരം മൂടിവെച്ചതിനാലാണ് അസോസിയേഷനെതിരെ പരാതി നല്‍കാന്‍ താമസക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫ്‌ളാറ്റില്‍ ഇതിനോടകം നാല്‍പ്പതിലധികം കുട്ടികള്‍ക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. നിലവില്‍ 28 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മെയ് അവസാന വാരത്തോടെ മഴവെള്ള സംഭരണി 80 ശതമാനം നിറഞ്ഞുവെന്നും ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വിതരണം ചെയ്യുകയാണെന്നും അസോസിയേഷന്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് ജലത്തിലെ കീടാണുക്കളുടെ സാന്നിധ്യം പരിശോധിക്കണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജലത്തില്‍ ഇ-കോളി സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടും അസോസിയേഷന്‍ വിവരം മറച്ചുവെയ്ക്കുകയായിരുന്നു. പിന്നാലെ ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പതിവായി. ആവര്‍ത്തിച്ചു ആവശ്യപ്പെട്ടതിനു പിന്നാലെ ജൂണ്‍ 13 നാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അസോസിയേഷന്‍ തയ്യാറായത്.

കഴിഞ്ഞ ദിവസങ്ങളായി കുട്ടികളും മുതിര്‍ന്നവരുമടക്കം ഫ്‌ളാറ്റില്‍ താമസിക്കുന്ന നൂറിലധികം പേരാണ് വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്. വാട്ടര്‍ അതോറിറ്റി, ടാങ്കര്‍ വെള്ളം, കിണറില്‍ നിന്നുള്ള വെള്ളം എന്നീ മൂന്നു സ്രോതസുകളില്‍ നിന്നാണ് ഫ്‌ളാറ്റിലെ ടാങ്കിലേക്ക് വെള്ളം എത്തുന്നത്. ഫ്ളാറ്റിലെ വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ ഇ-കോളി സാന്നിധ്യം കണ്ടെത്തിയിരുന്നു.

SCROLL FOR NEXT