വള്ളംകളിയിലെ ഓരോ വള്ളങ്ങളും ഓരോ കുട്ടനാടൻ ഗ്രാമത്തിന്റെയും അഭിമാനവും വികാരവുമാണ്. പക്ഷെ സമകാലീന വള്ളംകളി വികാരങ്ങൾക്കപ്പുറം വ്യവസായത്തിനും പണത്തിനും വേണ്ടി മാത്രമാകുന്നുവെന്ന പരാതി വള്ളം കമ്മറ്റിക്കാർക്കുണ്ട്. ബോട്ട് ക്ലബുകളെ അപേക്ഷിച്ച് വള്ളം കമ്മറ്റിക്കാർക്ക് സാമ്പത്തികമായി നഷ്ടം മാത്രമാണ് ഓരോ വള്ളംകളിയിലും സമ്മാനിക്കുന്നത്.
ALSO READ : പുന്നമടയിൽ ആവേശത്തുഴയെറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 'നെഹ്റു ട്രോഫി'യിൽ മുത്തമിടാനൊരുങ്ങി ജലരാജാക്കന്മാർ
നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള വള്ളംകളികളിൽ തങ്ങളുടെ കരയുടെ വള്ളം ചീറിപ്പായുന്നത് കാണുന്നതിലുമപ്പുറം ഒരു വികാരവും കുട്ടനാട്ടുകാർക്കില്ല. ഓരോ കരക്കാരുടെ വള്ളവും തുഴയുന്നത് ബോട്ട് ക്ലബ്ബുകളാണ്. വള്ളംകളികൾക്ക് മുമ്പ് ക്ലബ്ബുകൾ വള്ളം കമ്മിറ്റിക്കാരുമായി കരാർ വയ്ക്കുന്നു. വള്ളവും നിശ്ചിത തുകയുമാണ് വള്ളംകമ്മിറ്റി ബോട്ട് ക്ലബ്ബുകൾക്ക് കൈമാറുന്നത്. 60 ലക്ഷം രൂപ വരെ ക്ലബ്ബുകർക്ക് കൈമാറാറുണ്ട്. കൂടാതെ മത്സര ശേഷം വള്ളങ്ങളുടെ സംരക്ഷണത്തിനായി 5 മുതൽ 10 ലക്ഷം രൂപവരെ ചിലവ് വേറെ. മത്സരത്തിൽ ജേതാക്കളായാൽ സമ്മാനത്തുക ക്ലബ്ബുകൾക്ക് ഉള്ളതാണ്. സാമ്പത്തികമായി ഒരു നേട്ടവും വള്ളം കമ്മറ്റിക്കാർക്കുണ്ടാവാറില്ല. ഓരോ വർഷവും വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് വള്ളം കമ്മിറ്റിക്കാർ വള്ളമിറക്കുന്നത്.
ALSO READ : നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഓരോ വർഷവും നാട്ടുകാരിൽ നിന്ന് പിരിവ് നടത്തിയാണ് ക്ലബ്ബുകൾക്ക് നൽകാനുള്ള തുകയും വള്ളത്തിന്റെ സംരക്ഷണത്തിനുള്ള തുകയും കമ്മറ്റിക്കാർ കണ്ടെത്തുന്നത്. വള്ളംകളിയെന്ന വികാരം രക്തത്തിൽ അലിഞ്ഞു ചേർന്ന കുട്ടനാട്ടുകാർ സാമ്പത്തിക നഷ്ടം നോക്കാതെ അവരുടെ സംസ്കാരവും അഭിമാനവുമായ വള്ളങ്ങളെ ഇനിയും സംരക്ഷിക്കും. ഓളങ്ങൾ വെട്ടി കുതിക്കുന്ന വള്ളങ്ങൾ അവർക്ക് പണത്തിനും അപ്പുറമാണ്.