പകുതി വില തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. സംസ്ഥാന വ്യാപകമായി 12 ഇടങ്ങളിലാണ് പരിശോധന. സീഡ് സൊസൈറ്റിയുടെ നിയമോപദേശകയും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിലും സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ തിരുവനന്തപുരത്തെ വസതിയിലും തോന്നയ്ക്കലിലെ സായിഗ്രാമത്തിന്റെ ഓഫീസിലും അനന്തു കൃഷ്ണന്റെ തൊടുപുഴ കൊളപ്രയിലെ ഓഫീസിലുമാണ് പരിശോധന. ഇതിനിടെ അനന്തു കൃഷ്ണന്റെ സോഷ്യൽ ബി വെഞ്ച്വേഴ്സിൻ്റെ കടവന്ത്രയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലും പരിശോധന നടക്കുന്നുണ്ട്.
കേസിൽ മുഖ്യപ്രതി സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നാണ് ആനന്ദകുമാറിൻ്റെ വാദം. ഈ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
ALSO READ: പകുതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന് ഇന്ന് നിർണായകം: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ആനന്ദ കുമാർ ദേശീയ ചെയർമാൻ ആയ എൻജിഒ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പകുതിവില തട്ടിപ്പ് നടത്തിയത്. പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.