NEWSROOM

"രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചു"; പോപ്പുലര്‍ ഫ്രണ്ടിൻ്റെ 61 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണെന്നും കേന്ദ്ര ഏജൻസി ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്


പോപ്പുലര്‍ ഫ്രണ്ടിന്‍റെ 61 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ആകെ 56.56 കോടി രൂപ വിലമതിക്കുന്ന 35 സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിവിധ ട്രസ്റ്റുകളുടെയും കേസിൽ പ്രതികളായവരുടെയും സ്വത്തുക്കൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.

ഹവാലയിലൂടെയും സംഭാവനയിലൂടെയും പോപ്പുലർ ഫ്രണ്ടിന് ലഭിച്ച പണം ഉപയോഗിച്ചത് ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് എന്നാണ് ഇഡി ആരോപിക്കുന്നത്. പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളാണെന്നും കേന്ദ്ര ഏജൻസി ആരോപിച്ചു. കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, ജമ്മു കശ്മീർ, രാജസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 

വെള്ളിയാഴ്ച പിടിച്ചെടുത്തതിൽ കൂടുതലും കേരളത്തിലെ സ്വത്ത് വകകളാണ്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്ക് പ്രോപ്പര്‍ട്ടീസ്, ഇടുക്കി ഹില്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവ ഇതിൽ ചിലതാണ്.

നിയമവിരുദ്ധമായ രീതിയിലും വ്യാജ ദാതാക്കളുടെ പേരിലും പോപ്പുലർ ഫ്രണ്ട് അക്കൗണ്ടുകളിലേക്ക് 94 കോടി രൂപയോളം എത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തി. 2021 ഫെബ്രുവരി മുതൽ 2024 മെയ് വരെയുള്ള കാലയളവിൽ 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇഡി അറസ്റ്റ് ചെയ്യുകയും, 9 പേരുടെ വിചാരണ പുരോഗമിക്കുകയുമാണ്.

കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവ ഉൾപ്പെടെ സിംഗപ്പൂരിലും ഗൾഫ് രാജ്യങ്ങളിലും പോപ്പുലർ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പോപ്പുലർ ഫ്രണ്ട് സംഭാവന പിരിക്കുന്നതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.

SCROLL FOR NEXT