NEWSROOM

ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇ.ഡി ഉളുപ്പില്ലാതെ രാഷ്ട്രീയ കളി നടത്തുന്നു: എം.വി. ഗോവിന്ദൻ

കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുന്നു

Author : ന്യൂസ് ഡെസ്ക്

കൊടകര കുഴൽപ്പണക്കേസിലെ ഇഡി കുറ്റപത്രത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കള്ളപ്പണക്കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുന്നുവെന്ന് എം.വി. ഗോവിന്ദൻ ഇഡിക്കെതിരെ പ്രതികരിച്ചു. ശുദ്ധ അസംബന്ധങ്ങളാണ് പറയുന്നത്. കേസിലുൾപ്പെട്ട ബിജെപിക്കാർക്ക് ക്ലീൻ ചിറ്റ് നൽകുന്നു. ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുന്നു. സുപ്രീം കോടതി കണക്കിന് കൊടുത്തിട്ടും ഇഡി ഉളുപ്പില്ലാതെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

കരുവന്നൂര്‍ കേസിൽ കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. കോടികളുടെ കുഴൽപ്പണ കേസില്‍ സുരേന്ദ്രനെ വെള്ള പൂശി. ബിജെപി നേതൃത്വത്തെ രക്ഷിക്കാന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയാണ് ഇഡി. ഇഡിക്ക് എതിരെ പ്രാദേശിക തലം മുതൽ പ്രതിഷേധ പ്രകടനം നടത്തും. ഈ മാസം 29ന് സിപിഎം കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഇഡി ഓഫീസ് മാർച്ച് പോളിറ്റ്‌ ബ്യൂറോ അം​ഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ഡിവൈഎഫ്ഐ മാതൃകാപരമായ പ്രവര്‍ത്തനം വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ നടത്തി. 20 കോടി രൂപ ഇതിനായി മുഖ്യമന്ത്രിക്ക് കൈമാറിയെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.

ആശ സമരത്തിൽ ഒരു സമരത്തെയും സിപിഐഎം തള്ളി പറയാറില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇവിടെ മഴവില്‍ സഖ്യമാണ് സമരത്തിന് പിന്നില്‍. എസ്‌യുസിഐയെ മുന്‍നിര്‍ത്തി വര്‍ഗീയ ശക്തികള്‍ ആശ സമരത്തിന് പിന്നിലുണ്ട്. ദേശ വ്യാപക സമരം ആശ പ്രവര്‍ത്തകര്‍ക്കായി നടത്തേണ്ടതാണ്. എന്നാൽ ഇവിടെ സമരം സംസ്ഥാന സര്‍ക്കാരിന് എതിരായി മാത്രം നടത്തുകയാണെന്നും എം.വി. ​ഗോവിന്ദൻ വിമ‍ർശിച്ചു.

നിറത്തിന്റെ പേരില്‍ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് തുറന്നു സംസാരിച്ച കേരള ചീഫ് സെക്രട്ടറി ശാരദ മുരളീധരന് എം.വി. ഗോവിന്ദൻ പിന്തുണ നൽകി. തൊലിപ്പുറത്തെ നിറവും തരവും നോക്കിയല്ല വ്യക്തിത്വം അളക്കേണ്ടത്. അധിക്ഷേപത്തിനെതിരെ അഴകൊഴമ്പൻ നിലപാട് എടുക്കരുത്. കർശന നടപടി വേണമെന്നും എം.വി. ​ഗോവിന്ദൻ കൂട്ടിച്ചേ‍ർത്തു.

SCROLL FOR NEXT