കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി ഇഡി. അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതിചേർത്ത കേസുകളുടെയും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളാണ് കൈമാറുക. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. അതേസമയം ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന പൊലീസിൻ്റെ ആരോപണം ഇഡി നിഷേധിച്ചു. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും കൈമാറിയെന്നാണ് ഇഡിയുടെ വിശദീകരണം.
കേസിൽ ഇഡിയുടെ അന്തിമ കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും. മൂന്ന് സിപിഐഎം നേതാക്കൾ കേസിൽ പ്രതികളാകും. നേതാക്കളെ പ്രതിചേർക്കാനുള്ള നടപടികൾ ഇഡി പൂർത്തിയാക്കിയതായാണ് വിവരം. അതേസമയം, കെ. രാധാകൃഷ്ണൻ എംപിയെ ഇനി ചോദ്യം ചെയേണ്ടതില്ലെന്നാണ് ഇഡി തീരുമാനം. കെ. രാധാകൃഷ്ണൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂർ ബാങ്കിൽ തട്ടിപ്പ് നടന്നിരുന്നു. സിപിഐഎം നേതാക്കളുടെ അക്കൗണ്ടിലേയ്ക്ക് പണം പോയതിൻ്റെ ഉറവിടം കണ്ടെത്താനാണ് രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന.
2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നത് ആയിരുന്നു കേസ്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആയിരുന്നു ആദ്യ കേസ്.
300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തുകയായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടിൽ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാനാണ് ഇഡിയുടെ തീരുമാനം.