ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് നിലവിലെ തീരുമാനം. ഇതിൻ്റെ ഭാഗമായി കൂടുതൽ പേരെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
ഹൈറിച്ച് മണിചെയിൻ തട്ടിപ്പിൽ രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഇഡി. 37 പ്രതികളുള്ള കേസിൽ ഇതുവരെ കമ്പനി ഉടമ കെ.ഡി. പ്രതാപൻ മാത്രമേ അറസ്റ്റിലായിട്ടുള്ളു. കേസിലെ മറ്റ് പ്രതികളായ സീനാ പ്രതാപൻ, ജിനിൽ, റിയാസ്, ദിനുരാജ്, ലക്ഷ്മണൻ, ദിലീപ്, കനകരാജ്, സുരേഷ്ബാബു, പ്രശാന്ത് നായർ, ബഷീർ, അമ്പിളി, ഫിജീഷ്, ഷമീറ, എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
പ്രതികൾ തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഹൈറിച്ച് തുടങ്ങിയത് എന്നാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തിൽ പറയുന്നത്. 1000 കോടി രൂപ പ്രതികൾ ചേർന്ന് വിദേശത്തേയ്ക്ക് കടത്തിയതായും ഇഡി അറിയിച്ചു. കമ്പനിയിലൂടെ നടന്നത് കള്ളപണം വെളുപ്പിക്കല്ലെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1360കോടി രൂപയാണ് പലരിൽ നിന്നായി കമ്പനി പിരിച്ചെടുത്തതെന്നായിരുന്നു ഇഡി അന്വേഷണത്തിൽ നിന്ന് ലഭിച്ച വിവരം. ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് എന്നുപറയുന്നത് കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പായിട്ടാണ് കേരള പൊലീസും ക്രെംബ്രാഞ്ചും, ഇഡിയും വിലയിരുത്തുന്നത്.
ഉടമകളായ പ്രതാപന്‍, ശ്രീന പ്രതാപന്‍, എന്നിവരുടേയും 15 ലീഡര്‍മാരുടേയും 33.7 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്ത് കടത്തി സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസെന്നാണ് ഹൈറിച്ച് മണിചെയിന്‍ അറിയപ്പെട്ടത്. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴിയാണ് കള്ളപ്പണ ഇടപാട് നടത്തിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.