പകുതി വില തട്ടിപ്പ് കേസിൽ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയവർക്കെതിരെ അന്വേഷണം നടത്തും. ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കൾക്ക് നോട്ടീസ് അയക്കുമെന്നും ഇഡി വ്യക്തമാക്കി. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം എങ്ങനെയാണ് വിനിയോഗിച്ചതെന്ന് കണ്ടത്തുകയാണ് ലക്ഷ്യമെന്നും ഇഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് പണം കടത്തൽ എന്നിവ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. കഴിഞ്ഞദിവസം കെ. എൻ. ആനന്ദകുമാറിൻ്റെ വീട്, ഓഫിസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ എൻജിഒ കോൺഫെഡറേഷനുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളും രജിസ്ട്രേഷൻ രേഖകളും ഉൾപ്പെടുന്നുണ്ട്. രേഖകൾ പരിശോധിച്ച ശേഷം ചോദ്യം ചെയ്യേണ്ടേവരുടെ പട്ടിക തയ്യാറാക്കുമെന്നും ഇഡി വ്യക്തമാക്കി.
കേസിലെ ഭൂരിഭാഗം രേഖകളും പൊലീസിന്റെയും ക്രൈം ബ്രാഞ്ചിൻ്റെയും കൈവശമാണ് ഉള്ളത്. ക്രൈം ബ്രാഞ്ച് സ്വമേധയാ രേഖകൾ നൽകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഇഡി അറിയിച്ചു. അതേസമയം, തട്ടിപ്പ് പണത്തിന് കമ്മീഷനും വാങ്ങിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. അനന്തു കൃഷ്ണന് 7 കോടി 50 ലക്ഷം രൂപ കമ്മീഷനായി ലഭിച്ചു. ഒരു സ്കൂട്ടറിന് 4500 രൂപയാണ് കമ്മീഷൻ. കമ്മീഷനായി ലഭിച്ച പണം അനന്തുകൃഷ്ണൻ സ്വന്തം അകൗണ്ടിലേയ്ക്ക് മാറ്റി. ഇങ്ങനെ കിട്ടിയ പണമാണ് ജോയ്സ് ജോർജ്, റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ്, മൂലമറ്റം സിപിഎം നേതാവ് തുടങ്ങി നിരവധി നേതാക്കൾക്ക് നൽകിയതെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.