NEWSROOM

ആം ആദ്മി എംഎൽഎയുടെ വസതിയിൽ ഇ.ഡി. പരിശോധന; അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്ന് അമാനത്തുള്ള ഖാൻ

ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലും വസ്തുവകകൾ പാട്ടത്തിനെടുത്തതിലും ക്രമക്കേട് നടന്നുവെന്നതാണ് അദ്ദേഹത്തിനെതിരായ കേസ്

Author : ന്യൂസ് ഡെസ്ക്


ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ എംഎൽഎ അമാനത്തുള്ള ഖാൻ്റെ ഓഖ്‌ലയിലെ വസതിയിൽ പുലർച്ചെ മുതൽ ഇ.ഡി. പരിശോധന. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ എംഎൽഎയുടെ വസതിയിലെത്തിയത്. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലും വസ്തുവകകൾ പാട്ടത്തിനെടുത്തതിലും ക്രമക്കേട് നടന്നുവെന്നതാണ് കേസ്.

തന്നെ അറസ്റ്റ് ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർക്ക് പദ്ധതിയുണ്ടെന്ന് സംശയിക്കുന്നതായി ഖാൻ എക്സിൽ പങ്കുവെച്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. "ഒരു തെരച്ചിലിൻ്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്യാൻ ഇ.ഡി ടീം വന്നിരിക്കുന്നു. എൻ്റെ ഭാര്യാ മാതാവ് ഒരു കാൻസർ രോഗിയാണ്. അവർക്ക് നാല് ദിവസം മുമ്പാണ് ശസ്ത്രക്രിയ നടത്തിയത്. അവരും എൻ്റെ വീട്ടിലാണ്. ഇക്കാര്യം ഇ.ഡിയെ അറിയിച്ചിരുന്നു," അമാനത്തുള്ള ഖാൻ പറഞ്ഞു.

" കള്ളക്കേസുകൾ ചുമത്തി രണ്ട് വർഷമായി അവർ എന്നെ ഉപദ്രവിക്കുന്നു, പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇ.ഡി. ഞങ്ങളുടെ പാർട്ടിയെ മുഴുവൻ ഉപദ്രവിക്കുകയാണ്. എഎപിയെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഓഖ്‌ലയിലെ ജനങ്ങൾ വിഷമിക്കേണ്ടതില്ല. ഞങ്ങൾ ഭയപ്പെടില്ല. ഈ അവസരത്തിൽ നിങ്ങൾ ഏൽപ്പിച്ച എല്ലാ ജോലികളും പൂർത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു," അമാനത്തുള്ള ഖാൻ പറഞ്ഞു.

SCROLL FOR NEXT