NEWSROOM

ഇഡിയില്‍ അഴിച്ചുപണി; കരുവന്നൂര്‍ കള്ളപ്പണക്കേസ് ചുമതലയുണ്ടായിരുന്ന യൂണിറ്റില്‍ നിന്ന് പി. രാധാകൃഷ്ണനെ നീക്കി

നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആരോപണ വിധേയനാണ് പി.രാധാകൃഷ്ണന്‍.

Author : ന്യൂസ് ഡെസ്ക്


കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. മാറ്റിയതിന്റെ കാരണം വ്യക്തമല്ല. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആരോപണ വിധേയനാണ് പി.രാധാകൃഷ്ണന്‍.

കരുവന്നൂര്‍ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. നിലവില്‍ തമിഴ്‌നാട്ടില്‍ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പായാണ് ഇപ്പോള്‍ പി. രാധാകൃഷ്ണനെ മാറ്റുന്നത്. കേസില്‍ തുടരന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെയും ചുമതല നിര്‍വഹിക്കുക പുതുതായി ചുമതലയേല്‍ക്കുന്ന രാജേഷ് നായര്‍ ആയിരിക്കും.

ഇ.ഡി കൊച്ചി യൂണിറ്റിന് പുതിയ അഡീഷണല്‍ ഡയറക്ടറെയും നിയമിച്ചു. രാഗേഷ് കുമാര്‍ സുമന്‍ ഐഎഎസിനെയാണ് പുതിയ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്. ഈ മാസം 20ന് ചുമതല ഏറ്റെടുക്കും.

SCROLL FOR NEXT