NEWSROOM

ഓർമകളിലേക്ക് ഇരച്ചെത്തുന്ന ലോറൻസും ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണവും...

1950 ഫെബ്രുവരി 28ന് ദേശീയ റെയില്‍വേ പണിമുടക്കുമായി ബന്ധപ്പെട്ട് ഒത്തുചേർന്ന യോഗത്തില്‍ കെ.സി. മാത്യൂ ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിക്കാനുള്ള പദ്ധതി അവതരിപ്പിക്കുമ്പോള്‍ പല തരം സംശയങ്ങള്‍ ഉണ്ടായിട്ടും ആരും അത് എതിർത്തില്ല.

Author : ശ്രീജിത്ത് എസ്

74 വർഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഞെട്ടിക്കുന്ന സംഭവം. ഒരു സംഘമാളുകൾ ഇടുപ്പള്ളി പൊലീസ് സ്റ്റേഷന്‍ ലക്ഷ്യം വെച്ച് നടന്നുവരുന്നു. അവരുടെ ചുണ്ടുകളില്‍ ബീഡി പുകയുന്നുണ്ടായിരുന്നു, മനസില്‍ മറ്റൊരു കനലും. അവരുടെ രണ്ട് സഖാക്കള്‍ ഇടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. അവരെ മോചിപ്പിക്കുകയെന്ന ഒറ്റ ചിന്ത മാത്രമായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം.

1950 ഫെബ്രുവരി 28ന് ദേശീയ റെയില്‍വേ പണിമുടക്കുമായി ബന്ധപ്പെട്ട് ഒത്തുചേർന്ന യോഗത്തില്‍, ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിക്കാനുള്ള പദ്ധതി കെ.സി. മാത്യു അവതരിപ്പിക്കുമ്പോള്‍, പലതരം സംശയങ്ങള്‍ ഉണ്ടായിട്ടും ആരും അതിനെ എതിർത്തില്ല. പുലർച്ചെ രണ്ടു മണിക്കാണ് എം.എം. ലോറന്‍സ് ഉള്‍പ്പെട്ട സംഘം ഇടപ്പള്ളി സ്റ്റേഷനിലേക്ക് എത്തുന്നത്. മാത്യു 'അറ്റാക്ക്' എന്നു പറഞ്ഞതും... സഖാക്കള്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി. കയ്യിലെ ബോംബ് വലിച്ചെറിഞ്ഞു. പക്ഷെ അത് പൊട്ടിയില്ല!

സംഘത്തിന് നേരെ പൊലീസ് പ്രത്യാക്രമണം നടത്തിയതില്‍, ബയണറ്റിന്‍റെ കുത്തേറ്റ് ഒരു സഖാവിന് പരുക്കേറ്റിരുന്നു. അതോടെ സ്റ്റേഷനുള്ളിലെ പോരാട്ടം കടുത്തു. പൊലീസുകാരില്‍ രണ്ടുപേർ തല്ലുകൊണ്ട് നിലത്തുവീണു. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. വീണ രണ്ടുപേരെയും സഖാക്കള്‍ ക്രൂരമായി മർദിച്ചു. മർദനത്തിനൊടുവില്‍ ഇവർ കൊല്ലപ്പെടുകയായിരുന്നു.

തുടർന്ന് അഴിയില്‍ കിടക്കുന്ന സഖാക്കളെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവർക്ക് പൂട്ട് തുറക്കാന്‍ സാധിച്ചില്ല. നേരം പുലർന്നതോടെ മാത്യുവിന്‍റെ റിട്രീറ്റിനുള്ള ആഹ്വാനം വന്നു. അവർ പിന്‍വാങ്ങി. മാത്യുവിനൊപ്പം അന്ന് സ്റ്റേഷന്‍ ആക്രമിച്ചവരിലെ അവസാന ആളും ഇന്ന് കാലയവനികക്കുള്ളിലേക്ക് മറഞ്ഞിരിക്കുന്നു. കൊച്ചിയില്‍ കമ്യൂണിസത്തിന് വിത്തുപാകിയ സംഭവ വികാസങ്ങളുടെ സാക്ഷിയും നേതാവുമായ എം. എം. ലോറന്‍സ്.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത 17 പേരെയാണ് പൊലീസ് ആദ്യം പ്രതി ചേർത്തിരുന്നത്. പിന്നീട് കേസിലേക്ക് പല കൂട്ടിച്ചേർക്കലുകളും വന്നു. കള്ളസാക്ഷികള്‍ പല കമ്യൂണിസ്റ്റ് നേതാക്കളേയും ചൂണ്ടിക്കാണിച്ചു. പിടിയിലായവരെ പൊലീസ് ക്രൂരമായി മർദിച്ചു. ഏറെക്കാലം ഒളിവിലായിരുന്നു എം.എം. ലോറന്‍സ്. ഒടുവില്‍ മികച്ച അഭിഭാഷകരുടെ സഹായത്താല്‍ സുപ്രീം കോടതി വരെ പോയാണ് ലോറന്‍സ് ഉള്‍പ്പെടെയുള്ളവർ ജയില്‍ മോചിതരായത്. 

സ്റ്റേഷന്‍ ആക്രമണത്തിന്‍റെ ശിക്ഷ 22 മാസത്തെ ജയിൽവാസമായിരുന്നു. ജയിലില്‍ ഗരുഡൻ പറവ നടത്തിയും ഉലക്ക ഉരുട്ടിയും നഖം പിഴുതും ഉള്ള പൊലീസ് അതിക്രമങ്ങൾ ലോറന്‍സ് നേരിട്ടു. അത് ജയിൽ മോചനം കിട്ടുന്ന കാലത്തോളം തുടർന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൊടിയ ക്രൂരതകള്‍ക്ക് പാത്രമാകേണ്ടി വന്ന കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന കല്‍ക്കത്ത തീസിസിന്‍റെ അലയൊലിയാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രണത്തിന് പ്രേരണയായത്. പാർട്ടിയുടെ നേതൃത്വം ബി.ടി. രണദിവെയില്‍ നിന്നും സി. രാജേശ്വര റാവുവിലേക്ക് എത്തിയപ്പോള്‍ കല്‍ക്കത്ത തീസിസിനെ പാർട്ടി തിരുത്തി. എന്നാല്‍ തിരുത്താന്‍ സാധിക്കാതെ ഇടപ്പള്ളി സ്റ്റേഷനില്‍ കൊല്ലപ്പെട്ട രണ്ട് പൊലീസുകാരുടെ ഓർമ സമര ചരിത്രത്തിനൊപ്പം നിലനില്‍ക്കുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിള്‍ മാത്യുവിന്‍റെ മകന്‍ ജോസും കോണ്‍സ്റ്റബിള്‍ വേലായുധന്‍റെ മകള്‍ റീത്തയും ഇന്നും സ്റ്റേഷന്‍ ആക്രമണത്തിന്‍റെ ഓർമകളില്‍ ഒത്തുചേരാറുണ്ട്. എം.എം. ലോറന്‍സും ഇത്തരം ഒരു കൂടിച്ചേരലിന്‍റെ ഭാഗമായിരുന്നു. അന്ന് പാർട്ടിക്കുള്ളില്‍ നിന്നും വിമർശനം ഉണ്ടായപ്പോഴും ലോറന്‍സ് നിശബ്ദനായിരുന്നു. മാത്യു "അറ്റാക്ക്" എന്ന് ആജ്ഞാപിക്കുന്നതിനെ അനുസരിക്കാന്‍ പ്രേരിപ്പിച്ച ഭയത്തെ, ചിലപ്പോള്‍ എം.എം. ലോറന്‍സ് നിശബ്ദനായി അതിജീവിച്ചതായിരിക്കാം.

SCROLL FOR NEXT