എടയാർ വ്യവസായശാലയിലെ പൊട്ടിത്തെറിയിൽ കമ്പനി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്. ജീവനക്കാർക്ക് ബോയിലർ പ്രവർത്തിപ്പിക്കാൻ യോഗ്യത ഇല്ലെന്നും കണ്ടെത്തി. കമ്പനിക്ക് നൽകിയ വർക്കിങ് പെർമിറ്റിൽ ബോയിലർ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. ബോയിലറിന്റെ പ്രവർത്തനങ്ങൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയതായും ഫാക്ടറീസ് ആൻഡ് ബോയ്ലർസ് വകുപ്പ് ഡയറക്ടർ പി. പ്രമോദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
എടയാർ പൊട്ടിത്തെറി മരണത്തിൽ ബിനാനിപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫാക്ടറി ആൻഡ് ബോയിലേഴ്സ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർഫോഴ്സ് എന്നിവയുടെ പരിശോധനയ്ക്ക് ശേഷമാകും മറ്റ് നടപടികൾ.
ALSO READ: കൊച്ചി എടയാര്‍ വ്യവസായ ശാലയില്‍ പൊട്ടിത്തെറി, ഒഡിഷ സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
അതേസമയം, ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
പൊട്ടിത്തെറിയുണ്ടായ ഫോര്‍മല്‍ ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥാപനം പ്രവർത്തിക്കുന്നത് മാനദണ്ഡം പാലിക്കാതെയാണ് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൃത്യമായ പരിശോധനകൾ നടക്കുന്നില്ല എന്നും നാട്ടുകാർ ആരോപിച്ചിരുന്നു.