NEWSROOM

കായിക മേളയുടെ സമാപന ചടങ്ങിലെ സംഘർഷം: അന്വേഷണത്തിന് മൂന്നംഗ സമതിയെ നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ്

പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തില്‍ നടന്ന സംഘർഷം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സമാപന സമ്മേളനത്തില്‍ പ്രതിഷേധിച്ച തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർബേസില്‍ സ്കൂളുകളോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടും. പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം.

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി എം.ഐ. മീനാംബിക, ജോയിന്‍റ് സെക്രട്ടറി ബിജു കുമാർ ബി.ടി, എസ്‌സിഇആർടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിർദേശം.

ഒളിംപിക്സ് മാതൃകയിൽ, പിഴവുകൾ ഇല്ലാതെ മേള സംഘടിപ്പിച്ചുവെന്ന സർക്കാരിന്‍റെയും കായിക വകുപ്പിന്‍റെയും അവകാശവാദങ്ങള്‍ക്ക് സമാപന ചടങ്ങിലെ സംഘർഷം കനത്ത തിരിച്ചടിയായിരുന്നു. മേളയിൽ സ്പോർട്സ് സ്കൂളുകളും ജനറൽ സ്കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കായിക മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ജനറൽ സ്കൂളുകൾക്കും സ്പോർട്സ് സ്കൂളുകൾക്കും പ്രത്യേക പട്ടികയാണ്. ഈ പട്ടിക അനുസരിച്ച് 80 പോയിന്‍റുമായി ജനറൽ സ്കൂളുകളിൽ കടകശ്ശേരി ഐഡിയൽ ഇഎംഎച്ച്എസ് ഒന്നാമതും 44 പോയിന്‍റുമായി നവാമുകുന്ദ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി മാർ ബേസിൽ സ്കൂൾ മൂന്നാമതുമാണ്. സ്പോർട്സ് സ്കൂളുകളുടെ പട്ടികയിൽ 55 പോയിന്‍റോടെ ജി.വി.രാജയായിരുന്നു മുന്നിൽ. പതിവ് രീതി അനുസരിച്ച് രണ്ടാം സ്ഥാനം നവാമുകുന്ദ സ്കൂളിനും മൂന്നാം സ്ഥാനം കോതമംഗലം മാർ ബേസിലിനുമാണ്. എന്നാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാം സ്ഥാനം ജി.വി. രാജയ്ക്കായിരുന്നു. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലേക്ക് നവാമുകുന്ദയും മാർ ബേസിലും പിന്തള്ളപ്പെട്ടു. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് ഉപദ്രവിച്ചതായും ആരോപണം ഉയർന്നിരുന്നു. പൊലീസുകാർ തള്ളി മാറ്റിയെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. കോളർ പിടിച്ച് കറക്കിയെറിഞ്ഞെന്നും, പെൺകുട്ടികളെ മർദിച്ചത് വനിതാ പൊലീസ് അല്ലെന്നും കുട്ടികൾ പറയുന്നു. എന്നാല്‍, പൊലീസ് കമ്മീഷണർ വിദ്യാർഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

Also Read: കായിക മേള പുരസ്കാര വിവാദം: ഹൈക്കോടതിയെ സമീപിക്കാന്‍ നാവാമുകുന്ദ, മാർ ബേസില്‍ സ്കൂളുകള്‍

തർക്കമുണ്ടായ സാഹചര്യത്തില്‍ പുരസ്കാര നിർണയത്തെപ്പറ്റി പഠനം നടത്തി ഒരു പ്രൊപ്പോസൽ തയ്യാറാക്കാൻ കായികരംഗത്തെ വിദഗ്ധർ അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാന്വൽ പരിഷ്കരണം അടക്കം നടത്താനും യോഗം തീരുമാനിച്ചു.

SCROLL FOR NEXT