തിരുവനന്തപുരം ചെങ്കൽ യുപി സ്കൂളിൽ വിദ്യാർഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് ഇന്നുതന്നെ കൊടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും അറിയിച്ചു.
അതേസമയം, ക്ലാസ് മുറിയും സ്കൂളിന്റെ സാഹചര്യവും പരിശോധിച്ചിരുന്നു. എന്തുകൊണ്ടാണ് സ്കൂൾ പരിസരം വെട്ടിത്തെളിക്കാത്തത് എന്നത് പരിശോധിക്കുമെന്നും ഡിഇഒ ബി. ഇബ്രാഹിം വ്യക്തമാക്കി. ഏഴാം ക്ലാസ് വിദ്യാർഥിനിയായ നേഘയ്ക്ക് കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേൽക്കുന്നത്.
തുടർന്ന് കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.