NEWSROOM

അധ്യാപിക ജീവനൊടുക്കിയ സംഭവം: റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

13 ലക്ഷം രൂപ നൽകിയാണ് ഇവർ ജോലിക്ക് കയറിയത്. എന്നാൽ ആറ് വർഷമായിട്ടും ശമ്പളയിനത്തിൽ ഒരു രൂപ പോലും കൊടുത്തിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ആറ് വര്‍ഷം ജോലി ചെയ്തിട്ട് ഒരു രൂപ പോലും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവം വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുമെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി (29)യെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയാണ് അലീന. 13 ലക്ഷം രൂപ നൽകിയാണ് ഇവർ ജോലിക്ക് കയറിയത്. എന്നാൽ ആറ് വർഷമായിട്ടും ശമ്പളയിനത്തിൽ ഒരു രൂപ പോലും കൊടുത്തിരുന്നില്ല. ഇതേ തുടർന്ന് അലീന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ആവശ്യമില്ലാ എന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.ശമ്പളം കിട്ടാത്തതും, കുടിശ്ശിക കിട്ടില്ലെന്നുമായതോടെ അലീന മാനസികമായി തളർന്നിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റ് മാറ്റി തരണമെന്നും, അല്ലെങ്കിൽ ട്രാൻസ്‌ഫർ തരണമെന്നും പറഞ്ഞിട്ടും അതൊന്നും മാനേജ്‌മെൻ്റ് ചെവിക്കൊണ്ടില്ലെന്ന് അലീനയുടെ പിതാവ് ആരോപിച്ചു. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും,രണ്ട് മാസത്തിനുള്ളിൽ തുക നൽകുമെന്നും പ്രധാനാധ്യാപകൻ അറിയിച്ചിരുന്നു. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ല. അലീനയ്ക്ക് ശമ്പളം കൊടുക്കാതിരിക്കുമ്പോൾ പോലും സ്കൂളുകളിൽ മറ്റ് നിയമനങ്ങൾ തകൃതിയായി നടന്നിരുന്നെന്നും, തൻ്റെ മകളുടെ കാര്യത്തിൽ മാത്രമായിരുന്നു ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.

അധ്യാപിക ജീവനൊടുക്കിയതിന് പിന്നാലെ വിശദീകരണവുമായി അധ്യാപക സംഘടനയായ കാത്തലിക് ടീച്ചേർസ് ഗിൾഡ് മലബാർ മേഖല കമ്മിറ്റി രംഗത്തെത്തിയിരുന്നു. അലീന ബെന്നി വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്നാണ് അധ്യാപക സംഘടനയുടെ വാദം. ഇതുമൂലം നിയമനാംഗീകാരവും ശമ്പള ആനുകൂല്യവും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപികയെന്നും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്.

സ്ഥിരനിയമനത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനേജ്മെൻ്റിന് യാതൊരു പങ്കുമില്ലെന്നും സംഘടന അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ നിഷേധാത്മക നിലപാടുമൂലമാണ് നിയമനം അംഗീകരിക്കപ്പെടാത്തത്. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. എന്നാൽ മകൾ മരിച്ചിട്ട് പോലും മാനേജ്മെൻ്റ് ബന്ധപ്പെട്ടിട്ടില്ലെന്ന്
അലീനയുടെ പിതാവ് ബെന്നി പറഞ്ഞു. സ്ഥിര നിയമനം ലഭിക്കാതിരുന്നത് മാനേജ്മെൻ്റ് കൃത്യമായി വേണ്ട നടപടികൾ സ്വീകരിക്കാത്തത് കൊണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി.

SCROLL FOR NEXT