മലപ്പുറത്ത് പിടികൂടിയ കുഴൽപ്പണം 
NEWSROOM

മലപ്പുറത്ത് കുഴൽപ്പണവേട്ട; 30 ലക്ഷം രൂപയുമായി എട്ടു പേർ പിടിയിൽ

ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവുമായി പ്രതികൾ പിടിയിലായത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം അരീക്കോട് കിഴിശ്ശേരിയിൽ കുഴൽപ്പണ വേട്ട. 30 ലക്ഷത്തിലധികം രൂപയുമായി എട്ട് പേർ പിടിയിലായി. പുളിയക്കോട് മേൽമുറി സ്വദേശികളായ യൂസുഫ് അലി, കോലാർക്കുന്ന് ഇസ്മായിൽ, സലാഹുദ്ധീൻ, മുതീരി ഫാഹിദ്, ഫൈസൽ , കുന്നുപുറത്ത് മുഹമ്മദ് ഷാക്കിർ , സൽമാനുൽ ഫാരിസ്, കാളിക്കാവ് അടക്കാക്കുണ്ട് സ്വദേശി ജാബിർ എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, അരീക്കോട് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കിഴിശ്ശേരി പുളിയക്കോട് മേൽമുറിയിലെ വീട്ടിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവുമായി പ്രതികൾ പിടിയിലായത്. കുഴൽപണ ഇടപാടിൽ ഭാരതീയ ന്യായസംഹിത നിയമപ്രകാരം ജില്ലയിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾ താമസിച്ച വീട്ടിൽ നിന്ന് നോട്ട് എണ്ണുന്ന യന്ത്രം, അഞ്ച് കാൽക്കുലേറ്റർ, ആറു ബൈക്കുകൾ, പേപ്പർ മുറിക്കുന്ന യന്ത്രം, 14 മൊബൈൽ ഫോണുകൾ, പണം എത്തിക്കുന്നതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങൾ, പണം കൈമാറാനുള്ള ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ പുസ്തകം തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT