NEWSROOM

ചൂരൽമല ദുരന്തം: തെരച്ചിൽ ഇന്ന് എട്ടാം നാൾ, സൂചിപ്പാറയിൽ പ്രത്യേക ആക്ഷൻ പ്ലാൻ

പരിശീലനം നേടിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാല് എസ്ഒജി ആർമി സൈനികരുമാണ് സംഘത്തിലുള്ളത്

Author : ന്യൂസ് ഡെസ്ക്

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്ന് എട്ടാം ദിവസത്തിലേക്ക്. സൂചിപ്പാറ സൺറൈസ് വനമേഖല കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചിൽ നടക്കുന്നത്. ഇതിനായി 12 രക്ഷാ പ്രവർത്തകരെ ഹെലികോപ്റ്ററിൽ എത്തിക്കും. മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത ചെറിയ ഭാഗമാണിത്. രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും.

ആറ് അംഗങ്ങൾ രണ്ട് സംഘമായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുക. പരിശീലനം നേടിയ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാല് എസ്ഒജി ആർമി സൈനികരുമാണ് സംഘത്തിലുള്ളത്. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ ഒരുക്കും. ആറ് സോണുകളിൽ അവലോകന യോഗവും ഇന്ന് നടക്കും. പ്രദേശവാസികളും ഇതിന്റെ ഭാഗമാകും.

മന്ത്രി വി ശിവൻകുട്ടി ഇന്ന് വയനാട്ടിൽ എത്തും. സൂചിപ്പാറയിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങൾ നടത്തുന്ന സന്ദർശനത്തിൽ മാധ്യമ പ്രവർത്തകർക്കും വളണ്ടിയർമാരും പ്രവേശനം നൽകിയിട്ടില്ല. ഇതുവരെ 372 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിൾ ശേഖരിക്കുന്നത് തുടരുകയാണ്.


SCROLL FOR NEXT