സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവർണറെ തടസപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ. ഉപമുഖ്യമന്ത്രിക്കുള്ള സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവർണർ ആരംഭിച്ചപ്പോഴാണ് മോദിയെയും ബിജെപി നേതാവ് അമിത് ഷായെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും അഭിനന്ദിച്ച് നടപടിക്രമത്തിനു വിരുദ്ധമായി ഷിൻഡെ പ്രസംഗിച്ചത്.
മുംബൈ ആസാദ് മൈതാനിയില്‍ ഇന്നലെ വൈകിട്ട് 5.30ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് ഉപമുഖ്യമന്ത്രിമാരായ ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. ഫഡ്നാവിസിനു ശേഷം സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയ ഷിന്‍ഡെ അപ്രതീക്ഷിതമായാണ് നന്ദി പ്രസംഗം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെ എന്നിവർക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു പ്രസംഗം.
മൈക്രോഫോണിനരികിലേക്ക് ഷിന്‍ഡെ എത്തിയതും ഗവർണർ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുക്കാനായി ആരംഭിച്ചു. "ഞാന്‍... " എന്ന് ഗവർണർ തുടങ്ങി വച്ചെങ്കിലും അവിടെ നിന്നും ഷിന്‍ഡെ ആരംഭിച്ചത് തന്‍റെ കൃതജ്ഞതാ പ്രസംഗമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം ഗവർണർ പകച്ച് നിന്നുപോയി. ഏകദേശം 40 സെക്കന്‍ഡുകള്‍ നീണ്ട പ്രസംഗം അവസാനിപ്പിക്കും മുന്‍പ് അന്തരിച്ച മുതിർന്ന സേന നേതാവ് ആനന്ദ് ദിഗേക്കും ഷിന്‍ഡെ നന്ദി അറിയിച്ചു. ഇതിനു ശേഷമാണ് ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതീകാത്മകമായ ആദ്യ ക്യാബിനറ്റ് മീറ്റിങ്ങും നടന്നു. മുംബൈയിലെ കൊളാബയിലുള്ള ബാലാസാഹെബിൻ്റെ സ്മാരകവും താനെയിലെ ആനന്ദ് ദിഗെയുടെ സ്മാരകവും ഉപമുഖ്യമന്ത്രി സന്ദർശിക്കുമെന്നും ഷിൻഡെയുടെ ഓഫീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മഹായുതി സഖ്യത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ ഉയർന്നിരുന്നു. ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന വാദിച്ചപ്പോള്‍ ഫഡ്നാവിസിനായി ബിജെപി സംസ്ഥാന- കേന്ദ്ര നേതൃത്വം ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ ബിജെപി കോർ കമ്മിറ്റി നേതൃത്വം മോദിയുടെ വിശ്വസ്തനായ ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കുന്നതിനായി ശിവസേനയില്‍ നിന്നും ഏക്നാഥ് ഷിന്‍ഡെയെയും എന്‍സിപിയില്‍ നിന്നും അജിത് പവാറിനെയും തെരഞ്ഞെടുക്കുകയും ചെയ്തു. ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു.
ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് നേടിയത്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുമാണ് മഹായുതിയിലെ മറ്റ് കക്ഷികള്‍. 288 സീറ്റുകളിൽ മഹായുതി 230 സീറ്റുകളാണ് നേടിയത്. ബിജെപി 132 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ശിവസേന 57 സീറ്റുകളിലും എൻസിപി 41 സീറ്റുകളിലുമാണ് വിജയിച്ചത്.