NEWSROOM

ജമ്മു കശ്മീരിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് രണ്ട് ദിവസം അകലെ; ഇന്ന് കലാശക്കൊട്ട്

ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കനത്ത പ്രചരണമാണ് എല്ലാ പാർട്ടികളും നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതോടെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ഇന്ന് താഴ്വരയിലെത്തും. സെപ്തംബർ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലായി 24 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കനത്ത പ്രചരണമാണ് എല്ലാ പാർട്ടികളും നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാന ദിനം കൊഴുപ്പിക്കാൻ പ്രധാന നേതാക്കളെല്ലാം കശ്മീരിലുണ്ട്. പത്ത് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ആകെ 90 നിയമസഭാ സീറ്റുകളുള്ള ജമ്മു കശ്മീരിൽ സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, നാഷണൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് അടക്കം എല്ലാ പാർട്ടികളും വാശിയേറിയ പോരാട്ടത്തിലാണ്.

ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, കുൽഗ്രാമിൽ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡൻ്റ് ഗുലാം അഹമ്മദ് മിർ എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.

SCROLL FOR NEXT