NEWSROOM

തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വിജയ്; തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

വിജയ്‌യുടെ പ്രസ്താവന പ്രകാരം, ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലയില്‍ രജിസ്റ്റർ ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തമിഴ് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിച്ചു. പാർട്ടിയെ കമ്മീഷനില്‍ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തെന്നും കമ്മീഷന്‍റെ അംഗീകാരം ലഭിച്ചുവെന്നും വിജയാണ് അറിയിച്ചത്. എക്സ് പോസ്റ്റില്‍ വിവരങ്ങള്‍ കാണിച്ച് കത്ത് പങ്കുവെയ്ക്കുകയായിരുന്നു വിജയ്.

വിജയ്‌യുടെ പ്രസ്താവന പ്രകാരം, ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയില്‍ രജിസ്റ്റർ ചെയ്തത്. നിയമപരമായി ഇലക്ഷന്‍ കമ്മീഷന്‍ പാർട്ടിയെ അംഗീകരിച്ചതായും രജിസ്റ്റേഡ് പാർട്ടി എന്ന നിലയില്‍ ഇലക്ഷനില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചെന്നും വിജയ് പ്രസ്താവനയില്‍ പറയുന്നു.

വരാനിരിക്കുന്ന പ്രതിസന്ധികളിലേക്കുള്ള ആദ്യ വാതില്‍ തുറന്നുവെന്നാണ് വിജയ് കത്തില്‍ പരാമർശിക്കുന്നത്. സംസ്ഥാന കണ്‍വെന്‍ഷനായുള്ള തയ്യാറെടുപ്പിലാണ് പാർട്ടിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും വിജയ് അറിയിച്ചു.

2024 ഫെബ്രുവരിയിലായിരുന്നു വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. നടന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ചുവടുപിടിച്ചായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം. പിന്നാലെ, പ്രവര്‍ത്തകരുടെ നേതൃത്വത്തി‍ല്‍ വിപുലമായ മെമ്പര്‍ഷിപ്പ് ക്യാംപെയ്നും നടന്നിരുന്നു. തമിഴ്നാട്ടിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ ടിവികെ നടത്തിയ പരിപാടി വന്‍ വിജയമായിരുന്നു. ജാതിരഹിതവും ദീര്‍ഘവീക്ഷണവും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണമാണ് ടിവികെ മുന്നോട്ട് വെക്കുന്നതെന്ന് പാര്‍ട്ടി പ്രഖ്യാപന വേളയില്‍ വിജയ് പറഞ്ഞിരുന്നു.

ഓഗസ്റ്റ് 22ന് പാർട്ടിയുടെ പതാകയും പാർട്ടി ഗാനവും പുറത്തിറക്കി. വിപുലമായ ചടങ്ങിൽ നിരവധി പ്രമുഖരാണ് വിജയോടൊപ്പം പങ്കെടുത്തത്. പതാക പ്രകാശന ചടങ്ങിൽ വിജയ് സത്യാവാചകം ചൊല്ലി. തമിഴ്നാടിന്റെ ക്ഷേമത്തിനായി തന്റെ പാർട്ടി നിലകൊള്ളുമെന്നും, ജാതിമത ഭേദമന്യേ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു. എല്ലാവർക്കും തുല്യത എന്നതാണ് പാർട്ടി നയം. തമിഴ് ഭാഷയെ സംരക്ഷിക്കും. സാമൂഹ്യനീതി ഉറപ്പാക്കുമെന്നും, എല്ലാവർക്കും തുല്യ അവകാശം, തുല്യ അവസരം ഉറപ്പാക്കുമെന്നും വിജയ് പതാക പ്രകാശന ചടങ്ങിൽ പറഞ്ഞു.

SCROLL FOR NEXT