NEWSROOM

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവലോകനം; ഇലക്ഷന്‍ കമ്മീഷൻ ജമ്മു കശ്മീര്‍ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ വർഷം ഡിസംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സെപ്റ്റംബർ 30നകം കേന്ദ്രഭരണപ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തയാഴ്ച ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 8 മുതൽ 10 വരെ സന്ദർശനം നടത്തുമെന്നാണ് സൂചന. സന്ദർശനത്തിൽ ശ്രീനഗറിലെയും ജമ്മുവിലെയും ഭരണകൂട ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും വിവരമുണ്ട്.


സെപ്തംബർ 30ന് മുമ്പ് കേന്ദ്രഭരണ പ്രദേശത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ അതിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നതിന്റെ സൂചയനയാണ് ഇതിലൂടെ ലഭിക്കുന്നത്. അതേസമയം, ഓഗസ്റ്റ് 15ന് ശേഷം ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സെപ്റ്റംബർ 30നകം കേന്ദ്രഭരണപ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടത്. കൂടാതെ എത്രയും വേഗം സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആറ് വർഷത്തിലേറെയായി ജമ്മു കശ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ല. 2014 ഡിസംബറിലാണ് അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

2019 ഓഗസ്റ്റ് 5നാണ് സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിപ്പെടുകയും ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി നീക്കം ചെയ്യുകയും ചെയ്തത്. അന്നുമുതൽ ജമ്മു കശ്മീരിൻ്റെ ഭരണം നിർവഹിക്കുന്നത് ലഫ്റ്റനൻ്റ് ഗവർണറാണ്. ഈ ഓഗസ്റ്റ് അഞ്ച് വരുന്നതോടെ കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീർ മാറിയിട്ട് അഞ്ച് വർഷം പൂർത്തിയാക്കുകയാണ്.

SCROLL FOR NEXT